ന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം തടഞ്ഞത് താനാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്രംപ് ഇടപ്പെടൽ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ അവകാശ വാദവുമായി ട്രംപ് എത്തിയിരിക്കുന്നത്. മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്ന് ട്രംപ് പറയുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്കോട്ലൻഡിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ – പാക് പോലെ ആറു പ്രധാന യുദ്ധങ്ങൾ തടയാൻ തന്റെ ഇടപ്പെടലിലൂടെ സാധിച്ചെന്ന് ട്രംപ് വ്യക്തമാക്കി. “ഞാൻ ഇല്ലായിരുന്നുവെങ്കിൽ, ആറു വലിയ യുദ്ധങ്ങൾ സംഭവിക്കുമായിരുന്നു. ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം സംഭവിക്കുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. ഇരു രാജ്യങ്ങളിലെയും നേതാക്കളെ എനിക്കറിയാം. വ്യപാര കരാറിനായി അമേരിക്കയുടെ പിന്നാലെ ആയിരുന്നിട്ടും അവർ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഇത് ഭ്രാന്താണ്. ഈ നില തുടർന്നാൽ ഇരുരാജ്യങ്ങളുമായി വ്യാപാര കരാർ ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുദ്ധം ഒഴിവായത്.” ട്രംപ് പറഞ്ഞു.
വ്യാപാര ചർച്ചകൾ തന്നെ ഉപകരണമാക്കി തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സംഘർഷവും തടയാൻ കഴിഞ്ഞെന്നും റുവാണ്ടയ്‌ക്കും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്‌ക്കും ഇടയിൽ മധ്യസ്ഥത വഹിച്ച സമാധാന കരാറിലും താൻ ഇടപ്പെട്ടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. സെർബിയയ്‌ക്കും കൊസോവോയ്‌ക്കും ഇടയിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടായിരുന്ന സംഘർഷവും തന്റെ ഇടപ്പെടലിൽ ഇല്ലാതായതായാണ് ട്രംപ് അവകാശപ്പെടുന്നത്.
അമേരിക്കൻ മധ്യസ്ഥതയില്ലാതെ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സൈനിക തലത്തിൽ നടന്ന ചർച്ചകളാണ് സ്ഥിതി സാധാരണ നിലയിലേക്ക് എത്തിച്ചതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ‘ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം മൂലമാണ് ഈ ഓപ്പറേഷന്‍ നിര്‍ത്തിവെച്ചതെന്ന് പറയുന്നത് അടിസ്ഥാനരഹിതവും തികച്ചും തെറ്റുമാണ്.” പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച രാജ്യസഭയിൽ വ്യക്തമാക്കി.