മതപരിവർത്തന കേസ്: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി കേരളത്തിലെ രാഷ്ട്രീയ കക്ഷി നേതാക്കൾ ഛത്തീസ്‌ഗഡിൽ

ഛത്തീസ്‌ഗഡ്: ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റു ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച തള്ളി. രണ്ട് കന്യാസ്ത്രീകളും ദുർ​ഗിലെ സെൻട്രൽ ജയിലിൽ തുടരും. സെഷൻ കോർട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ എത്തുന്നത്.

കന്യാസ്ത്രീകൾക്ക് പിന്തുണയുമായി പ്രതിപക്ഷ എം പിമാരും രാഷ്ട്രീയ പ്രതിനിധികളും ഛത്തീസ്‌ഗഡിലെത്തി. പ്രതിപക്ഷ എംപിമാര്‍ക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നു. ദുര്‍ഗ് ജയിലിന് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് കാണാന്‍ അനുമതി നല്‍കിയത്. എൻ കെ പ്രേമചന്ദ്രന്‍, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹ്‌നാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കന്യാസ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംപിമാര്‍ പറഞ്ഞു.കന്യാസ്ത്രീകളെ ആക്രമിക്കാനുള്ള ആത്മധൈര്യം ഇവര്‍ക്ക് എവിടുന്ന് കിട്ടി. അവരുടെ കൈവശം രേഖകള്‍ ഉണ്ട്. മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് അവര്‍ വന്നതെന്നും എംപിമാര്‍ വ്യക്തമാക്കി.

ആള്‍ക്കൂട്ട വിചാരണയാണ് റെയില്‍വേസ്റ്റേഷനില്‍ നടന്നത്. ഇരുവരോടും സിസ്റ്റേഴ്‌സ് വിലക്കുവാങ്ങിയതാണെന്ന് പറയാന്‍ പറഞ്ഞു. മൂങ്ങയെപ്പോലെ വായ മൂടിയിരിക്കണം എന്ന് സംഘം നിര്‍ദേശിച്ചു. സ്ഥലം പറയാന്‍ സാധിക്കാതെ വന്നതോടെയാണ് മൊഴി മാറി പറഞ്ഞതായി വ്യാഖ്യാനിച്ചതെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

ഇവരെ കൂടാതെ ഇടതുപക്ഷ എംപിമാരുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്‌ഗഡിലെത്തി. ജോസ് കെ മാണി, കെ രാധാകൃഷ്ണൻ വൃന്ദാ കാരാട്ട് , എ . എ റഹിം,പി പി സുനീർ, ആനി രാജാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്‌ഗഡിലെത്തിയത്. കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി അനൂപ് ആന്‍റണി രാവിലെ റായ്പൂരില്‍ എത്തി ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയെ കണ്ടു. നീതി ലഭിക്കുന്നത് വരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടാകുമെന്നും ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം വേണ്ടിവന്നാൽ താനും അവിടെ പോകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം കന്യാസ്ത്രീകൾക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും നേരത്തെ തന്നെ തങ്ങൾ ക്രിസ്തു മത വിശ്വാസികൾ ആണെന്നും പെൺകുട്ടികൾ പറയുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ബജ്റംഗ്‌ദളിൻ്റെയും പൊലീസിൻ്റെയും ആരോപണം തള്ളിയ ഇവർ, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

മതപരിവർത്തനക്കാരെ ഇനിയും മർദിക്കുമെന്നാണ് ഛത്തീസ്‌ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമയുടെ നിലപാട്. താൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും ഹിന്ദുക്കളെ മതപരിവർത്തനത്തിനു വിധേയമാക്കിയവരെ മാത്രമാണു കൈകാര്യം ചെയ്തതെന്നും താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും അവർ പറഞ്ഞു. മതപരിവർത്തനക്കാരെ തടയുക എന്നതു ഹിന്ദു ധർമ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺ കുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും അവർ വെളിപ്പെടുത്തി. താനും പ്രവർത്തകരുമാണ് പരാതി നൽകിയത്. സ്റ്റേഷനിൽ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹലെലൂയ വിളിച്ച് അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നത് ഇനിയും തുടരുമെന്നും ജ്യോതി ശർമ പറഞ്ഞു.

കന്യാസ്ത്രീകളും സുവിശേഷ പ്രവ‍ർത്തകർക്കും ബൈബിളുമായി പുറത്തിറങ്ങിയാൽ അടി ഉറപ്പാണെന്നും ക്രിസ്ത്യാനികൾക്ക് പൊതു ​ഗതാ​ഗതം ഉപയോ​ഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ദുർഗ്ഗ് ജില്ലയിലെ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു, കഴിഞ്ഞ രണ്ട് വ‌ർഷമായി ഛത്തീസ്ഗഡ് ​ഗവൺമെൻ്റ് പൊതു സ്ഥലങ്ങളിൽ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നിർത്തി വെച്ചിരിക്കുകയാ ണെന്നും വിനോദ് പറഞ്ഞു.

ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.

Leave a Reply

Your email address will not be published. Required fields are marked *