കലങ്ങിമറിഞ്ഞ് ‘അമ്മ’ രാഷ്ട്രീയം; ചരിത്രം കുറിക്കുമോ ശ്വേത മേനോന്‍, താരസംഘടനയില്‍ സംഭവിക്കുന്നത്

‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ താരസംഘടനയ്ക്കുള്ളിലെ ‘ഗ്രൂപ്പിസം’ എത്രത്തോളം തീവ്രമെന്ന് പരസ്യമാക്കുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 74 പേര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ ഉള്‍പ്പെടെ ആറ് പേരാണ് മത്സരിക്കുന്നത്. ജഗദീഷ്, ദേവന്‍, ശ്വേത മേനോന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയവര്‍.

ജഗദീഷിനെതിരായ എതിര്‍പ്പ്

താരസംഘടനയ്ക്കുള്ളില്‍ ജഗദീഷിനെതിരെ നിരവധി അംഗങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും നിലപാടെടുത്തിട്ടുണ്ട്. ജഗദീഷിനു അനുകൂലമായി വോട്ട് ചെയ്യരുതെന്ന് സംഘടനയ്ക്കുള്ളില്‍ പലരും പരസ്പരം വിളിച്ചുപറയുകയും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് നടി മാലാ പാര്‍വതി പറയുന്നത്. പൊതുസമൂഹത്തില്‍ ജഗദീഷിനു സ്വീകാര്യതയുണ്ടെങ്കിലും സംഘടനയ്ക്കുള്ളില്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജഗദീഷ് നടത്തിയ പ്രസ്താവനകള്‍ ആണ് സംഘടനയ്ക്കുള്ളിലെ അനിഷ്ടത്തിനു കാരണം. സംഘടന ഭാരവാഹികള്‍ക്കെതിരെ പോലും മി ടൂ ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സിദ്ദിഖും തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങളെ കാണേണ്ട ആവശ്യമില്ലെന്ന് ജഗദീഷ് നിലപാടെടുത്തു. ഇതേ ജഗദീഷ് പിന്നീട് ഒറ്റയ്ക്കു മാധ്യമങ്ങള്‍ക്കു മുന്നില്‍ രൂക്ഷമായ ഭാഷയില്‍ സംഘടനയ്‌ക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തി. ജഗദീഷ് ‘ഒറ്റയാന്‍’ കളിക്കാനും പൊതുസമൂഹത്തില്‍ ആളാകാനും ശ്രമിക്കുകയാണെന്ന വിമര്‍ശനം അന്നുമുതലേ സംഘടനയ്ക്കുള്ളില്‍ ഉണ്ട്. തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകാനാണ് സാധ്യത.

ബാബുരാജ് മാറിനില്‍ക്കണമെന്ന ആവശ്യം

നേരത്തെ ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമാണ് ബാബുരാജ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഭാരവാഹികളില്‍ ഒരാളായ സിദ്ദിഖ് തനിക്കെതിരായ ലൈംഗിക ആരോപണം വന്നപ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. എന്നാല്‍ ബാബുരാജ് ഭാരവാഹിയായി തുടര്‍ന്നു. ഇതേ തുടര്‍ന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടാനും പുതിയ ഭാരവാഹികളെ തീരുമാനിക്കാനും പ്രസിഡന്റ് മോഹന്‍ലാല്‍ തീരുമാനിച്ചത്. ബാബുരാജിനു വേണ്ടിയും സംഘടനയ്ക്കുള്ളില്‍ ഒരു വിഭാഗം നിലകൊള്ളുന്നു. ആരോപണ വിധേയര്‍ മത്സരിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചപ്പോള്‍ ബാബുരാജിനെ പിന്തുണച്ച് നടി അന്‍സിബ ഹസന്‍ പറഞ്ഞത്, ‘ആരോപണ വിധേയര്‍ രാഷ്ട്രീയത്തിലും മത്സരിക്കുന്നുണ്ടല്ലോ’ എന്നാണ്. ബാബുരാജിനു വേണ്ടി സംഘടനയ്ക്കുള്ളില്‍ ഒരു കോക്കസ് ഉണ്ടെന്നും അന്‍സിബ അടക്കം അതിന്റെ ആളാണെന്നും നടന്‍ അനൂപ് ചന്ദ്രന്‍ ആരോപിച്ചിരുന്നു.

അനൂപ് ചന്ദ്രന്റെ വീഡിയോ സന്ദേശം ചോര്‍ന്നു

താരസംഘടനയിലെ അംഗങ്ങള്‍ ഉള്ള ഗ്രൂപ്പില്‍ നിന്ന് അനൂപ് ചന്ദ്രന്റെ വീഡിയോ സന്ദേശം ചോര്‍ന്നതും സംഘടനയ്ക്കുള്ളിലെ ചേരിതിരിവിന്റെ ഭാഗമായാണ്. ആരോപണ വിധേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്ന ഉറച്ച നിലപാടിലാണ് അനൂപ് ചന്ദ്രന്‍. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അനൂപ് ചന്ദ്രന്‍ സംഘടന അംഗങ്ങള്‍ ഉള്ള ഗ്രൂപ്പില്‍ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചു. ഇത് പിന്നീട് മാധ്യമങ്ങള്‍ക്കു ലഭിക്കുകയായിരുന്നു.

ശ്വേത മേനോന്‍ ചരിത്രം കുറിക്കുമോ?

‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ട് പേര്‍ ജഗദീഷും ശ്വേത മേനോനും ആണ്. തലപ്പത്തേക്ക് വനിതകള്‍ വരികയാണെങ്കില്‍ അവര്‍ക്കു പിന്തുണ നല്‍കി മത്സരരംഗത്തു നിന്ന് മാറിനില്‍ക്കാമെന്ന് ജഗദീഷ് പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ നിലപാട് കൂടി ആരാഞ്ഞ ശേഷമായിരിക്കും ജഗദീഷ് പത്രിക പിന്‍വലിക്കുക. ഇവരില്‍ ആരെങ്കിലും ജഗദീഷിനോടു മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ മത്സരം ജഗദീഷും ശ്വേതയും തമ്മില്‍ ആയിരിക്കും. ജഗദീഷ് പിന്‍മാറിയാല്‍ കൂടുതല്‍ സാധ്യത ശ്വേതയ്ക്കാണ്. അങ്ങനെ വന്നാല്‍ താരസംഘടനയ്ക്കു ചരിത്രത്തില്‍ ആദ്യമായി വനിത പ്രസിഡന്റിനെ ലഭിക്കും.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നിലപാട്

സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം എന്നതിനപ്പുറം നിര്‍ണായക ചുമതലകള്‍ ഏറ്റെടുക്കാന്‍ ഇരുവരും തയ്യാറല്ല. തലമുറ മാറ്റം വരട്ടെ എന്ന നിലപാടിലാണ് ഇരു താരങ്ങളും. എന്നാല്‍ സംഘടനയില്‍ നിന്ന് ഇരുവരും പൂര്‍ണമായി വിട്ടുനില്‍ക്കില്ല. ഏതെങ്കിലും യുവതാരം സംഘടനയുടെ ചുമതല ഏറ്റെടുക്കണമെന്ന ആഗ്രഹം ഇരുവര്‍ക്കും ഉണ്ടായിരുന്നെങ്കിലും ആരും അതിനു തയ്യാറായതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *