2019ൽ തന്നെ കോഹ്ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു; മുൻ ആർസിബി താരം

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം കഴിഞ്ഞ സീസണിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ കന്നികിരീടം സ്വന്തമാക്കിയത്. അടുത്ത കാലത്ത് ക്രിക്കറ്റ് ആരാധകർ വലിയ രീതിയിൽ ആഘോഷമാക്കിയ മറ്റൊരു ക്രിക്കറ്റ് കിരീട നേട്ടമുണ്ടാകില്ല. മുതിർന്ന താരം വിരാട് കോഹ്ലിയെ സംബന്ധിച്ചടുത്തോളവും ഏറ്റവും വൈകാരികമായ അനുഭവമായിരുന്നു അതെന്ന കാര്യത്തിൽ അദ്ദേഹത്തിന് പോലും തർക്കമുണ്ടാകില്ല. ആദ്യ സീസൺ മുതൽ ബെംഗളൂരുവിന്റെ ഭാഗമായി കളിക്കുന്ന കോഹ്ലി ഇന്ത്യൻ കുപ്പായത്തിൽ വമ്പൻ കിരീടങ്ങൾ സ്വന്തമാക്കി ഉയരങ്ങൾ കീഴടക്കുമ്പോഴും മാറി നിന്ന ഐപിഎൽ കിരീടം ഒരു ദുഃഖമായിരുന്നു. 

ഏറെക്കാലം ബാംഗ്ലൂരിനെ നായക സ്ഥാനത്ത് നിന്ന് നയിച്ചതും കോഹ്ലിയായിരുന്നു. 2013 മുതൽ 2021 വരെ ടീമിനെ നയിച്ച ശേഷമാണ് കോഹ്ലി നായകസ്ഥാനം ഒഴിയുന്നത്. അതേസമയം, കോഹ്ലിയെ 2019ൽ തന്നെ നായകസ്ഥാനത്ത് നിന്ന് മാറ്റാൻ ആർസിബി മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ആർസിബി താരവും ഇംഗ്ലീഷ് ഓൾറൗണ്ടറുമായ മൊയിൻ അലി. ഗാരി കിർസ്റ്റന്റെ പരിശീലക കാലയളവിൽ പാർഥിവ് പട്ടേലിനെ ബെംഗളൂരു നായകനാക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് മൊയിൻ അലി വ്യക്തമാക്കി. 

“ഗാരി കിർസ്റ്റൺ ഉണ്ടായിരുന്ന അവസാന വർഷത്തിൽ – ആദ്യ വർഷത്തിനുശേഷം – പാർത്ഥിവ് ക്യാപ്റ്റനാകാൻ സാധ്യതയുണ്ടായിരുന്നു. അദ്ദേഹത്തിന് മികച്ച ക്രിക്കറ്റ് തലച്ചോറുണ്ടായിരുന്നു. അതായിരുന്നു അന്നത്തെ സംസാരം. എന്താണ് സംഭവിച്ചതെന്നോ അത് എന്തുകൊണ്ട് യാഥാർത്ഥ്യമായില്ല എന്നോ എനിക്കറിയില്ല, പക്ഷേ അദ്ദേഹത്തെ ആ റോളിലേക്ക് ഗൗരവമായി പരിഗണിച്ചിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്,” മൊയിൻ അലി സ്പോർട്സ് ടക്കിനോട് പറഞ്ഞു. 

ഇത്തരം ആഭ്യന്തര ചർച്ചകൾക്കിടയിലും 2021 വരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിച്ചത് വിരാട് കോഹ്ലി തന്നെയായിരുന്നു. അതിന് ശേഷം കോഹ്ലി തന്നെയാണ് സ്വയം സ്ഥാനമൊഴിഞ്ഞതും. 2020ൽ ടീമിനെ പ്ലേ ഓഫിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആ സീസണിൽ റൺവേട്ടക്കാരിലും മുന്നിൽ കോഹ്ലി തന്നെ. പിന്നീട് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസി ആർസിബി നായകനായി. ഇടക്കാലത്ത് ദിനേശ് കാർത്തിക്കും ടീമിനെ നയിച്ച ശേഷമാണ് കഴിഞ്ഞ സീസണിൽ രജത് പട്ടിധാർ നായകനായി എത്തുന്നത്. തന്റെ ആദ്യ സീസണിൽ തന്നെ ടീമിന് കിരീട നേട്ടം സമ്മാനിക്കാൻ കഴിഞ്ഞ നായകനാണ് പട്ടിധാർ. 

കിരീട നേട്ടത്തിലും വിരാട് കോഹ്ലിയുടെ പ്രകടനം ഏറെ നിർണായകമായിരുന്നു. കലാശപോരാട്ടത്തിലടക്കം ബാറ്റുകൊണ്ട് തിളങ്ങിയ കോഹ്ലി 15 മത്സരങ്ങളിൽ നിന്നായി 657 റൺസാണ് അടിച്ചുകൂട്ടിയത്. ബാറ്റിംഗിലെ മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും, പ്രത്യേകിച്ച് 2017 നും 2019 നും ഇടയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആർ‌സി‌ബിയുടെ മോശം പ്രകടനം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *