ഡെങ്കിപ്പനി ബാധിച്ച് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ചുദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും അടുത്തവൃത്തങ്ങള്‍ അറിയിച്ചു. വിജയ്‌യുടെ പുതിയ ചിത്രമായ ‘കിംഗ്ഡം’ ഈമാസം 31ന് റിലീസ് ചെയ്യാനിരിക്കെയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. താരം പങ്കെടുക്കേണ്ട നിരവധി പ്രൊമോഷന്‍ പരിപാടികള്‍, ഇനി താരത്തിന്റെ അസാന്നിധ്യത്തില്‍ നടത്താനാണ് അണിയറക്കാരുടെ തീരുമാനം. ആരാധകരും ചലച്ചിത്രലോകവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കിംഗ്ഡം’. ഭാഗ്യശ്രീ ബോര്‍സെ, സത്യദേവ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
ആശുപത്രിയില്‍ വിജയ്ക്ക് പിന്തുണ നല്‍കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഒപ്പമുണ്ട്. താരം നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിജയ്യുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.
കിംഗ്ഡത്തിന്റെ പ്രചാരണത്തിനായി വിപുലമായ പരിപാടികളാണു സംഘടിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തുന്നത്. സ്വാതന്ത്ര്യാനന്തര സിംഹള-തമിഴ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗൗതം തിന്നനൂരിയാണ് കിംഗ്ഡം-ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.