അജയ് ദേവ്ഗണ്‍ ചിത്രം ‘സണ്‍ ഓഫ് സര്‍ദാര്‍ 2’ റിലീസ് മാറ്റിവച്ചു

ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കോമഡി ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2-ന്റെ റിലീസ് മാറ്റിവച്ചു. അജയ് ദേവ്ഗണും മൃണാല്‍ ഠാക്കൂറും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ജൂലൈ 25ന് റിലീസ് ചെയ്യാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇന്നു രാവിലെ അണിയറക്കാര്‍ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് സണ്‍ ഓഫ് സര്‍ദാര്‍ 2- പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ‘ജാസി പാജിയും ടോളിയും ഓഗസ്റ്റ് ഒന്നിന് ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍ നിങ്ങളെ കാണും’ എന്ന് നിര്‍മാതാക്കള്‍ പങ്കുവച്ച ഔദ്യോഗിക പോസ്റ്റില്‍ കുറിക്കുന്നു.

മോഹിത് സൂരിയുടെ ‘സയാര’ ബ്ലോക്ക്ബസ്റ്ററായി മാറുന്നതാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കാന്‍ അണിയറക്കാരെ പ്രേരിപ്പിച്ചത്. ഓഗസ്റ്റ് ഒന്നിന് ധടക് 2-വുമായി അജയ് ദേവ്ഗണിന്റെ ചിത്രം മത്സരിക്കും. സിദ്ധാന്ത് ചതുര്‍വേദിയും തൃപ്തി ദിമ്രിയുമാണ് ധടക് 2-ല്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.

സണ്‍ ഓഫ് സര്‍ദാര്‍ 2

കോമഡി, ആക്ഷന്‍, പഞ്ചാബിജീവിതം എന്നിവയാല്‍ നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്‌കോട്ട്‌ലന്‍ഡിന്റെ മനോഹരമായ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
വിജയ് കുമാര്‍ അറോറയാണ് ചിത്രത്തിന്റെ സംവിധായകന്‍. മേയ് 23ന് അന്തരിച്ച മുകുള്‍ ദേവിന്റെ അവസാന ചിത്രവും കൂടിയാണ് സണ്‍ ഓഫ് സര്‍ദാര്‍ 2. സഞ്ജയ് മിശ്ര, വിന്ദു ദാരാ സിംഗ്, ഡോളി അലുവാലിയ, നീരു ബജ്വ, ചങ്കി പാണ്ഡേ, കുബ്ബ്ര സെയ്ത്, ദീപക് ദോബ്രിയല്‍, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

ജിയോ സ്റ്റുഡിയോസും ദേവ്ഗണ്‍ ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന സണ്‍ ഓഫ് സര്‍ദാര്‍ 2-ന്റെ നിര്‍മാണം അജയ് ദേവ്ഗണ്‍, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *