ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തി നടി ഉർവശി. കുട്ടേട്ടന്‍റെയും (വിജയരാഘവന്‍) ഷാരൂഖ്ഖാന്‍റെയും പെര്‍ഫോമന്‍സുകൾ തമ്മിലുള്ള മാനദണ്ഡം എന്താണ്? ഒരാൾ സഹനടനും മറ്റേയാൾ എങ്ങനെ മികച്ച നടനുമായി. പുരസ്കാര നിർണയത്തിന്റെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണം എന്ന് ഉർവശി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഞങ്ങൾ തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന ജൂറിയുടെ സമീപനം അംഗീകരിക്കാനാകില്ല. തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോ തരുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറഞ്ഞു.
ഒരു അവാര്‍ഡ് എന്തിന് വേണ്ടി, ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നത് എന്ന് വ്യക്തമാക്കേണ്ട കടമ ജൂറിക്കുണ്ട്. നിലവിലെ സ്ഥിതി കാലങ്ങളോളം തുടര്‍ന്ന് പോയാല്‍ അര്‍ഹിക്കുന്ന പലര്‍ക്കും കിട്ടില്ല. എനിക്ക് പിന്നാലെ ഇനിയും പലരും വരും. അവർക്കുവേണ്ടി കൂടിയാണ് താൻ ശബ്ദമുയർത്തുന്നതെന്നും ഉർവശി പറഞ്ഞു.
ഉര്‍വശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ കാര്യങ്ങളൊന്ന് ആലോചിച്ച് നോക്കൂന്ന് ഒരിക്കല്‍ റിമ കല്ലിങ്കല്‍ എന്നോട് ചോദിച്ചിരുന്നു. തീയെന്ന് പറഞ്ഞാൽ വാ പൊള്ളും എന്ന കാലം മാറണം. നികുതി കെട്ടിവച്ചാണ് ഞങ്ങളൊക്കെ അഭിനയിക്കുന്നത്. അല്ലാതെ ചുമ്മാ വന്ന് അഭിനയിച്ച് പോകുന്നതല്ലല്ലോ. അത് അവര്‍ വ്യക്തമാക്കണം. ആടുജീവിതം എന്ന സിനിമ ഒരിടത്തും പരാമര്‍ശിച്ചില്ല. മികച്ച നടിക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടണമെന്നും ഉർവശി പറഞ്ഞു.
വരും തലമുറയ്ക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും ഇത്രയും പരിചയസമ്പത്ത് ഉള്ള താൻ അല്ലെങ്കിൽ പിന്നെ ആര് ചോദിക്കും എന്നാണ് പലരും ചോദിക്കുന്നതെന്നും ഉർവശി ചോദിച്ചു. എന്തിന്‍റെ അടിസ്ഥാനത്തില്‍ എങ്ങനെ അവാര്‍ഡ് നല്‍കി എന്നാണ് അറിയേണ്ടത് കാരണം പറഞ്ഞാല്‍ മതി ഞങ്ങള്‍ക്ക് തൃപ്തിയാണ്. ആരെയും കുറ്റപ്പെടുത്താനല്ല ഇത് പറയുന്നത്. കാര്യങ്ങൾക്ക് വ്യക്തത വേണം. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് മതി പുരസ്‌കാരം വാങ്ങുന്നത്. കേരള സ്റ്റോറിയെക്കുറിച്ചു അഭിപ്രായം ചോദിച്ചപ്പോൾ സിനിമ താൻ ഇതുവരെ കണ്ടിട്ടില്ല.അതുകൊണ്ട് വസ്തുതകൾ അറിയില്ലെന്നും സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉർവശി പറഞ്ഞു.