ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ വീടും പരിസരവും വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ജിയോളജിസ്റ്റുകളുടെ സേവനവും അന്വേഷണസംഘം തേടിയിട്ടുണ്ട്. കോട്ടയം ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് പോകുന്നത്.
കോട്ടയത്തുനിന്ന് കാണാതായ ജൈനമ്മയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സെബാസ്റ്റ്നെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സെബാസ്റ്റ്യൻ വീട്ടിൽനിന്ന് കഴിഞ്ഞദിവസം കണ്ടെത്തിയ അസ്ഥികളുടെ ശാസ്ത്രീയ പരിശോധനയും ഉടൻ നടത്തും. ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യന്റെ പങ്ക് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. സിന്ധു എന്ന സ്ത്രീയുടെ തിരോധാനവും സെബാസ്റ്റ്യനുമായി ബന്ധപ്പെട്ടുള്ളതാണ്. അതുകൊണ്ടാണ് വിശദമായ പരിശോധനയ്ക്ക് അന്വേഷണസംഘം തയ്യാറെടുക്കുന്നത്.
പള്ളിപ്പുറത്തെ സെബാസ്റ്റ്യൻ രണ്ടേക്കർ വീടും പുരിയിടവും നിഗൂഢതകളുടെ ഇടമായാണ് പരിസരവാസികൾ പറയുന്നത്. ഇവിടേക്ക് പലപ്പോഴും സെബാസ്റ്റ്നൊപ്പം ആളുകൾ വന്നു പോകാറുണ്ട്. പലപ്പോഴും സ്ത്രീകൾ ആയിരിക്കും കൂടെയുണ്ടാകുന്നത്. ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജയ്നമ്മക്കുവേണ്ടിയുള്ള അന്വേഷണമാണ് സെബാസ്റ്റ്യനിലേക്ക് എത്തിയത്. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ജയ്നമ്മ തിരോധന കേസുമായി ബന്ധപ്പെട്ട ചില വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിൽ ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽ പരിശോധനയ്ക്കെത്തുകയായിരുന്നു.
വീടിനു തെക്കു വശത്തെ പറമ്പിൽ നടത്തിയ പരിശോധനയിലാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കത്തിയ നിലയിലുള്ള എല്ലുകൾ ആണ് അന്വേഷണ സംഘത്തിന് കണ്ടെത്താൻ ആയത്. മൃതദേഹം മറ്റെവിടെയെങ്കിലും നശിപ്പിച്ച ശേഷം എല്ലുകൾ കൂട്ടിയിട്ടു കത്തിച്ചതാണോ എന്നും സംശയിക്കുന്നുണ്ട് . താടിയെല്ല് ഉൾപ്പടെ 150 ഓളം എല്ലുകൾ അവിടെ നിന്ന് കിട്ടി. ഇതോടെ വർഷങ്ങൾക്ക് മുമ്പ് ചേർത്തല കടക്കര പള്ളിയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭന്റെയും ഐഷയുടെയും കേസുകളിലേക്കും സംശയങ്ങൾ നീണ്ടു. ഇവരെല്ലാം സെബാസ്റ്റ്യനുമായി ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
2024 ഡിസംബർ 28 നാണ് ഏറ്റുമാനൂർ സ്വദേശി ജയ്നമ്മയെ കാണാനില്ലെന്ന് പരാതി വന്നത്. കോട്ടമുറി കാക്കനാട്ട്കാലയിലെ വീട്ടിൽ ഭർത്താവ് അപ്പച്ഛനൊപ്പമായിരുന്നു ജയ്നമ്മയുടെ താമസം. സ്ഥിരമായി ധ്യാന കേന്ദ്രങ്ങളിൽ പോകുന്നതിനാൽ കാണാതായി 4 ദിവസം കഴിഞ്ഞാണ് ബന്ധുക്കൾ പരാതി നൽകിയത്. 2013ൽ പള്ളിപ്പുറത്തു നിന്ന് കാണാതായ ബിന്ദു പത്മനാഭനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ പൊലീസിന് കണ്ടെത്താൻ ആയിട്ടില്ല . അസ്ഥികൂടം ബിന്ദു പത്മനാഭന്റേതാണോ എന്നും സംശയമുണ്ട്. തിരോധാനത്തിന് ശേഷം ബിന്ദുവിന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ആണ് വ്യാജ രേഖകൾ വഴി തട്ടിയെടുക്കപ്പെട്ടത്. ഈ കേസിലെ മുഖ്യ പ്രതിയാണ് സെബാസ്റ്റ്യൻ. മറ്റൊരു ഇരയായ ഐഷയെ കാണാതാകുന്നത് നാല് സെന്റ് സ്ഥലം രജിസ്റ്റർ ചെയ്യാനായി തീരുമാനിച്ചതിന്റെ തലേദിവസമാണ്. സെബാസ്റ്റിയന്റെ കൈയിൽ ഉണ്ടായിരുന്ന തന്റെ പണം തിരികേ വാങ്ങാൻ പോയ ഐഷയെ പിന്നെ ആരും കണ്ടിട്ടില്ല.
2020 ഒക്ടോബറിൽ ആണ് സിന്ധു എന്ന ബിന്ദുവിനെ കാണാതാവുന്നത്. ക്ഷേത്രത്തിലേക്ക് പോയ ബിന്ദുവിനെ പിന്നെ ആരും കണ്ടിട്ടില്ല. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയാണ് ഇവരെ കാണാതാവുന്നത്. വിവാഹത്തിനുള്ള പണവും ഇവരുടെ കയ്യിൽ കരുതിയിരുന്നു. ഈ കേസിൽ സെബാസ്റ്റ്യനുമായുള്ള ബന്ധം ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇയാൾ തെരഞ്ഞെടുത്ത ഇരകളുടെ സാഹചര്യങ്ങൾക്ക് സമാനമാണ് സിന്ധുവിന്റെതും. അതുകൊണ്ട് ഈ കേസുമായി ബന്ധപ്പെട്ടും സെബാസ്റ്റ്യനെതിരെ അന്വേഷണം തുടരുകയാണ് വീടും പരിസരവും കുഴിച്ചുനോക്കുമ്പോൾ എന്ത് തെളിവുകളാണ് കാത്തിരിക്കുന്നതെന്ന ആകാംക്ഷയിലാണ് കേരളം. പള്ളിപ്പുറം കേരളത്തിന്റെ ധർമ്മസ്ഥലിയാകുമോ എന്ന് കാത്തിരുന്നു കാണാം.









