മതേതരത്വം പ്രസംഗിച്ചവർ തൊഴിലുറപ്പുകാരായി; ക്രൈസ്തവര്‍ സംഘടിതരും വോട്ടുബാങ്കുമെന്ന് തെളിഞ്ഞുവെന്ന് വെള്ളാപ്പള്ളി

ചെങ്ങന്നൂർ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെയുണ്ടായ രാഷ്ട്രിയ ഇടപ്പെടലുകളെ വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കന്യാസ്ത്രീകൾക്കായി ഛത്തീസ്ഗഡിലേക്ക് കോൺഗ്രസും ബിജെപിയും കമ്യൂണിസ്റ്റും കത്തിച്ചുവിട്ടുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ശിവഗരി മഠത്തിന് നേരെ അതിക്രമമുണ്ടായപ്പോൾ ആരെയും കണ്ടില്ലെന്നും കുറ്റപ്പെടുത്തി. ക്രൈസ്തവർ സംഘടിതരും വോട്ടുബാങ്കുമാണെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

“രാജ്യത്ത് ക്രൈസ്തവര്‍ രണ്ടരശതമാനമേ ഉള്ളൂവെങ്കിലും അവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്നു തെളിഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും സംവാദങ്ങളും കണ്ടാല്‍ മൂന്നാം ലോകമഹായുദ്ധം നടക്കുകയാണെന്നു തോന്നും. ശിവഗിരിമഠത്തിനു നേരെ അതിക്രമമുണ്ടായപ്പോള്‍ ഒരാളെയും കണ്ടില്ല. സമുദായത്തിന്റെ വോട്ടിനു വിലയുണ്ടെന്നു തെളിയിക്കണം. വേലികെട്ടിയാല്‍ പോരാ, ഉണ്ണാനും കഴിയണം. മതം പ്രസംഗിച്ചവര്‍ കേമന്മാരും മതേതരത്വം പ്രസംഗിച്ചവര്‍ തൊഴിലുറപ്പുകാരുമായെന്നും മതംപറഞ്ഞവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്ന് തെളിഞ്ഞു”. വെള്ളാപ്പള്ളി പറഞ്ഞു. 

അതേസമയം, വിവാദമായ നിലമ്പൂർ പ്രസംഗത്തെ അദ്ദേഹം ന്യായികരിക്കുകയും ചെയ്തു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ മുസ്ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് താൻ സംസാരിച്ചതെന്ന് പറഞ്ഞ വെള്ളാപ്പള്ളി തന്റെ സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങളാണ് ചോദിച്ചതെന്നും വ്യക്തമാക്കി. ഇതു പറഞ്ഞപ്പോള്‍ മതവിദ്വേഷം പടര്‍ത്തുന്നയാളാക്കി. “ക്ഷേത്രപ്രവേശനവും സംവരണവും നേടിയെടുത്തതുപോലെ, അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂട്ടായ പരിശ്രമം വേണം. രാഷ്ട്രീയ തടവറയില്‍ കിടക്കാതെ പോരാടണം”. അദ്ദേഹം കൂട്ടിച്ചേർത്തു. 

മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവുമായാണു ചിലർ കാണുന്നതെന്നും അവർക്കിടയിൽ ഭയന്ന് ജീവിക്കുന്ന ആളുകളാണ് ഈഴവരെന്നും സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും അവിടെ ജീവിക്കാനാകില്ലെന്നുമുള്ള വെള്ളാപ്പള്ളിയുടെ പരാമർശമാണ് വിവാദമായത്. ഇതിനെതിരെ വലിയ വിമർശനം ഉയർന്നു വന്നിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *