ന്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടം നിലംപതിച്ച് അപകടത്തിൽ മരണ സംഖ്യ ഉയർന്നേക്കും. രണ്ട് പേർ മരിക്കുകയും കൈക്കുഞ്ഞ് ഉൾപ്പടെ എട്ട് പേർക്ക് ഗുരുതരമായ പരിക്കുകളുമേറ്റു ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുന്നാണ് സൂചന. അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡൽഹിയിലെ വെൽക്കം ഏരിയയിലാണ് അപകടം. അവശിഷ്ടങ്ങൾക്കിടയിൽ കുറച്ചുപേർ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന് റിപ്പോർട്ടുകൾ.
കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ 10 അംഗങ്ങളും അതിനടുത്തുണ്ടായിരുന്ന മറ്റു ചിലരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു.അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത ശേഷം രണ്ടുപേരുടെ മൃതദേഹം സമീപത്തെ ജിടിബി ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച രാവിലെ 7.04 ഓടെ, വെൽക്കത്തിലെ ഈദ്ഗാഹിനടുത്തുള്ള നാല് നില കെട്ടിടം തകർന്നതായി വിവരം ലഭിക്കുന്നത്.
പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ, കെട്ടിടത്തിന്റെ മൂന്ന് നിലകൾ തകർന്നതായി കണ്ടെത്തി.” “ഇതുവരെ, പരിക്കേറ്റ എട്ട് പേരെ രക്ഷപ്പെടുത്തി – ഏഴ് പേരെ ജെപിസി ആശുപത്രിയിലേക്കും ഒരാളെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്കും മാറ്റി,”- ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വിവരിച്ചു.
“കെട്ടിടത്തിന്റെ ഉടമയായ മാറ്റ്ലൂബ് കുടുംബാംഗങ്ങളോടൊപ്പം കെട്ടിടത്തിലാണ് താമസിക്കുന്നത്. താഴത്തെ നിലയും ഒന്നാം നിലയും ആളില്ല. എതിർവശത്തുള്ള കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.” കെട്ടിടം തകർന്നുവീഴുമ്പോൾ അതിൽ ഉണ്ടായിരുന്ന പർവേസ് (32), ഭാര്യ സിസ (21), മകൻ അഹമ്മദ് (14 മാസം), സഹോദരൻ നവേദ് (19) എന്നിവരെ രക്ഷപ്പെടുത്തി.കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന ഗോവിന്ദ് (60), സഹോദരൻ രവി കശ്യപ് (27), ഭാര്യമാരായ ദീപ (56), ജ്യോതി (27) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.