ധർമസ്ഥലയിലെ കൊലപാതകങ്ങൾ; മൌനം തുടരുന്ന പൊലീസ് സംരക്ഷിക്കുന്നതാരെ ?

കാണാതായ പെൺകുട്ടികളുടെ കാര്യത്തിൽ സർക്കാറിന്
ഉത്തരവാദിത്തമില്ലേ.?

കാർത്തിക

ർണാടകയിലെ ധർമ സ്ഥല കെട്ടുകഥകളെപ്പോലും തോൽപ്പിക്കുന്ന കൊലപാതക പരമ്പരയിലൂടെയാണ് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചത്. പ്രദേശത്ത് ഒട്ടേറെ സ്ത്രീകളെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടുവെന്ന ഒരാളുടെ വെളിപ്പെടുത്തലാണ് തുടക്കം.
വിദ്യാർഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് ധർമസ്ഥല ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് പുറം ലോകം ചർച്ച ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ ഈ വെളിപ്പെടുത്തൽ നടത്തിയ ആളെ കാണാതായി. ഇയാൾക്ക് വിറ്റ്നെസ് പ്രൊട്ടക്ടീവ് ആക്ട് പ്രകാരം പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടും ആളെ കണ്ടെത്താനായിട്ടില്ല. അതേസമയം, ഇയാളുടെ ബ്രെയിൻ മാപ്പിങ്, വിരലടയാള, നാർക്കോ അനാലിസിസ് പരിശോധനകൾ നടത്താൻ പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ഈ നീക്കത്തിന് പിന്നാലെയാണ് ആളെ കാണാതായത്.

ധർമസ്ഥലയിലെ മഞ്ചുനാഥ ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അനുസരിച്ച് ബലാത്സഗത്തിനിരയായ നിരവധി കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താൻ ദഹിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ട് എന്നാണ്. താൻ നിർബന്ധിതനായി ചെയ്തതാണ് എന്നാണ് വെളിപ്പെടുത്തലിലുള്ളത്. അവസാന കാലത്ത് കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് അവയുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയത്. ആരോപണ വിധേയരെല്ലാം ഇതേ ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ്. രാജ്യനിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എന്തിനും മടിക്കാത്തവരാണ് കൊലപാതകം മടികൂടാതെ നടത്തിയത് എന്നും ഇയാൾ വെളിപ്പെടുത്തലിൽ പറയുന്നു. പൊലീസിൽ പറഞ്ഞത് കൂടാതെ മജിസ്ട്രേറ്റിന് മുന്നിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മാത്രമല്ല സംരക്ഷണം ഉറപ്പാക്കിയാൽ അവരുടെ പേരുകളും പറയാമെന്ന് തുറന്നു പറഞ്ഞ ജീവൻ പറഞ്ഞിരുന്നു.

എന്നാൽ ഈ കേസിൽ പൊലീസ് ആരെയോ ഭയക്കുന്നുണ്ടെന്നും കാര്യങ്ങൾ തുറന്നു പറഞ്ഞയാൾ ഒളിവിൽ പോയെന്നത് സ്ഥിരീകരിക്കാനാവില്ലെന്നും പ്രദേശവാസികൾ പറയുന്നു. എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ തയ്യാറായാണ് ഇയാൾ കാര്യങ്ങൾ തുറന്നു സംസാരിച്ചത്. പിന്നീട് ഭയന്ന് ഒളിവിൽ പോവില്ലെന്ന് ഉറപ്പാണെന്നും ഇയാളെ അറിയുന്നവരും പ്രദേശവാസികളും ഒറ്റ സ്വരത്തിൽ പറയുന്നു. പൊലീസ് കാര്യങ്ങൾ ചോദിച്ചറിയാനായി വിളിച്ചു കൊണ്ടു പോയതാണെന്നും ആരെയോ സംരക്ഷിക്കാൻ വേണ്ടി ഇയാളെ കാണാനില്ലെന്ന് തെറ്റായി വ്യഖ്യാനിക്കുകയാണെന്ന ഗുരുതര ആരോപണവും വരുന്നുണ്ട്. ശുചീകരണ തൊഴിലാളിയുടെ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിക്കുന്നു. പരാതിക്കാരൻ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ പോലീസ് പ്രതികരിക്കുന്നില്ലെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. അഭിഭാഷകരായ എസ്.ജെ. ധീരജ്, അന്യ ഗൗഡ എന്നിവരാണ് പരാതിക്കാരനു വേണ്ടി ഹാജരാകുന്നത്.

ജൂലൈ 10-ന്, സംരക്ഷണം നൽകുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് പരാതിക്കാരന്റെ അഭിഭാഷകനെ പോലീസ് അറിയിച്ചിരുന്നു. എന്നാൽ, അതിനുശേഷം ഇ മെയിലിൽ മാത്രമാണ് ആശയവിനിമയം നടന്നതെന്നും പരാതിക്കാരന്റെ ഇപ്പോഴത്തെ താമസസ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ദക്ഷിണ കന്നഡ എസ്പി ഡോ. കെ. അരുൺ പറഞ്ഞു.

പരാതിക്കാരന്റെ അഭിഭാഷകൻ എഫ്ഐആറിന്റെയും പരാതിയുടെയും എഡിറ്റ് ചെയ്ത പകർപ്പുകൾ മാധ്യമങ്ങൾക്ക് നൽകിയതിൽ എസ്പി ആശങ്ക പ്രകടിപ്പിച്ചു. ജൂലൈ 14-ന് നാല് മണിക്കൂറിലധികം സമയമെടുത്ത് പോലീസ് സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയതായി അഭിഭാഷകർ പറഞ്ഞു. പരാതിക്കാരന്റെ താൽക്കാലിക വിലാസം ജൂലൈ 13-ന് ഇ മെയിൽ വഴി പോലീസിനു കൈമാറിയിരുന്നതായി അഭിഭാഷകർ പറയുന്നു.

ജൂലൈ 11-ന്, പരാതിക്കാരൻ മജിസ്ട്രേറ്റിന് മുന്നിൽ സത്യവാങ്മൂലം നൽകുകയും മനുഷ്യാസ്ഥികൂടം കൈമാറുകയും ചെയ്തിരുന്നു. ഈ അവശിഷ്ടങ്ങൾ കോടതി പോലീസിനു കൈമാറി. എന്നാൽ, പിന്നീട് പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥലം സന്ദർശിക്കുന്നത് ഉൾപ്പെടെയുള്ള ഒന്നും നടന്നില്ലെന്നാണ് പരാതി. അതേസമയം, കേസുമായി ബന്ധപ്പെട്ട ഹർജി ഇതിനകം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ദക്ഷിണ കന്നഡ പോലീസ് അറിയിച്ചു.

1995-2014 കാലഘട്ടത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്കു വഴങ്ങി ധർമസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളി ധർമസ്ഥല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായി മൊഴിയും തെളിവും നൽകുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പക്ഷേ കേൾക്കുമ്പോൾ ഞെട്ടലുണ്ടാക്കുന്ന വാർത്തയായിട്ടും അതിന്റെ ഒരംശം പോലും പൊലീസിൽ നിന്ന് ഉണ്ടായില്ല . ഇതുവരെ പ്രദേശത്ത് തെളിവെടുപ്പ് നടത്താൻ പോലും തയ്യാറായിട്ടില്ല. പൊലീസ് കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. 2004 ൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയ സുജാത ഭട്ടെന്ന സി ബി ഐ ഉദ്യോഗസ്ഥയോട് പൊലീസ് വളരെ മോശമായി പെരുമാറിയ കാര്യം കൂടി പൊതു പ്രവർത്തകർ ഈ കേസുമായി ചേർത്ത് വായിക്കുന്നുണ്ട്. 2003 കാണാതായ മെഡിക്കൽ വിദ്യാർഥിയുടെ അമ്മയാണ് സുജാത ഭട്ട്. ഈ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ഇവർ സുപ്രീം കോടതി ചീഫ് ജസ്റ്റിന് കത്തിയച്ചിരുന്നു.

കർണാടക വനിതാ കമ്മീഷൻ ഈ വിഷയത്തിൽ കേസെടുത്തു എന്നത് മാത്രമാണ് നിലവിലുണ്ടായ ഏക നീക്കം. കഴിഞ്ഞ 20 വർഷമായി ധർമസ്ഥലയിൽ കാണാതായ സ്ത്രീകളുടേയും പെൺകുട്ടികളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് ദക്ഷിണ കന്നഡ എ സ് പിയ്ക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കമ്മീഷൻ കത്തയച്ചു. ഈ കാലയളവിൽ എത്രപേരെ കാണാതായി. ഇവരെ കണ്ടെത്തിയോ.. കേസിന്റെ നിലവിലെ സ്ഥിതി എന്താണ് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷണ പരിധിയിൽ വരുന്നത്.

ഈ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ പലരും നേരത്തെ പരാതി നൽകിയവരാണ്. പതിനൊന്ന് വർഷം മുൻപ് കൊല്ലപ്പെട്ട മകൾക്ക് നീതി ലഭിച്ചില്ലെന്നു പറഞ്ഞ് കർണാടക സ്വദേശി കുസുമവതി എന്ന അമ്മയും രംഗത്തെത്തി. അവരുടെ മകളെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ പ്രതി സന്തോഷ് റാവു എന്നയാൾക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടിരുന്നു.

ലോക്കൽ പൊലീസ് കേസ് അട്ടിമറിച്ചു എന്നാണ് ആക്ഷേപം. ധർമസ്ഥല പൊലീസിന് കർണാടക പൊലീസിനെ വറുതിയിൽ നിർത്താനുള്ള സ്വാധീനബലമുണ്ടെന്നും ഇവർ പറയുന്നു. സന്തോഷ് റാവുവിനെ വെറുതെ വിട്ടകോടതി വിധിയിൽ ഇക്കാര്യം സാധൂകരിക്കുന്ന പരാമർശങ്ങളുമുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കൃത്യമായ പരിശോധനകൾ നടന്നില്ല. സ്രവപരിശോധന തുടക്കത്തിലേ ചെയ്തില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങൾ അന്ന് കോടതി ഉന്നയിച്ചിരുന്നു.

തെളിവ് സഹിതം കൊലപാതക വിവരം പറഞ്ഞിട്ടും പൊലീസ് തുടരുന്ന അനങ്ങാപ്പാറ നയത്തിൽ കർണാടകയിൽ നിന്ന് പോലും എതിർശബ്ദങ്ങൾ ഉയരാത്തത് ആശങ്കപ്പെടുത്തുന്ന വിവരമാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ചില പ്രാദേശിക നിയമനങ്ങൾ ഈ പ്രദേശങ്ങളിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരവും വരുന്നുണ്ട്. അത്തരം പ്രാദേശിക വിഭാഗങ്ങളുടെ വിശ്വാസത്തിന്റെ പേരിലുള്ള ഇടപെടലുകളാണോ പൊലീസിന് വിനയാകുന്നത് എന്നും പരിശോധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *