ഒരു മലയാളി യുവതി കൂടി ഷാർജയിൽ മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് പ്രാഥമികനിഗമനം, ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

ഷാര്‍ജയില്‍ വീണ്ടും ഒരു മലയാളി യുവതികൂടി ആത്മഹത്യ നിലയിൽ കൊല്ലം തേവലക്കര സ്വദേശി അതുല്യയാണ് മരിച്ചത്. ഇന്നലെയാണ് അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭർത്താവ് സതീഷിനെതിരെ കേസെടുത്ത് പൊലീസ്. വിവിധ വകുപ്പുകള്‍ ചുമത്തി ചവറ തെക്കുംഭാഗം പൊലീസാണ് കേസെടുത്തത്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

അതുല്യയുടെ മരണത്തിന് പിന്നാലെ, സതീഷ് അതുല്യയെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യപിച്ചെത്തിയ ശേഷം കസേരയെടുത്ത് അതുല്യയെ മർദ്ദിക്കുന്നതും മകളും അതുല്യയും ഉച്ചത്തിൽ കരയുന്നതും ഉൾപ്പെടെയുള്ളവ ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. പലതവണ വിവാഹ ബന്ധം വേർപ്പെടുത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിയെങ്കിലും അതുല്യയുടെ താത്പര്യപ്രകാരം സതീശിനൊപ്പം തുടരുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. അതൊകൊണ്ട് തന്നെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന നിലപാടിലാണ് ബന്ധുക്കൾ. രണ്ട് ദിവസം മുൻപ് വീട്ടിലേക്ക് വിളിച്ചപ്പോഴും സന്തോഷവതിയായിരുന്നുവെന്നും അതുകൊണ്ട് തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

സതീഷിന് വിവാഹ സമയത്ത് 48 പവന്‍ സ്വര്‍ണം നല്‍കിയെങ്കിലും വീണ്ടും സ്വര്‍ണം വേണമെന്നാവശ്യപ്പെട്ട് അതുല്യയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 75000 രൂപ നല്‍കി 11 വര്‍ഷം മുമ്പ് ബൈക്ക് വാങ്ങി നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം കാറ് വേണമെന്ന് ആവശ്യപ്പെട്ട് പീഡനം തുടർന്നുവെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ അതുല്യ വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

സതീഷ് അതുല്യയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവായി നല്‍കിയാണ് കേസ് നല്‍കിയിരിക്കുന്നത്. സതീഷ് വീട്ടിലിരുന്ന് മദ്യപിച്ച് മര്‍ദിക്കുന്നതിന്റെയും കത്തിയും കസേരയുമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് ഡിജിറ്റല്‍ തെളിവായി നല്‍കിയിരിക്കുന്നത്. സതീഷ് വിദേശത്തായതിനാല്‍ കേരളത്തിലെത്തിയ ഉടന്‍ കേസെടുക്കുമെന്ന് പൊലീസ് പറയുന്നു.

വിവാഹിതയായി ആദ്യ നാളുകൾ മുതലേ മകൾ ശാരീരിക മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്ന് അതുല്യയുടെ അച്ഛൻ പറയുന്നു. ഒന്നര വര്‍ഷത്തിന് ശേഷം സതീഷിനെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും കൗണ്‍സിലിംഗിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു. ഒരു മകള്‍ ഉള്ളതിനാല്‍ എല്ലാം സഹിച്ചാണ് അതുല്യ സതീഷിനൊപ്പം കഴിഞ്ഞിരുന്നത്.

ഇന്നലെ രാവിലെ, ഷാർജയിലെ ഫ്ലാറ്റിലാണ് അതുല്യ ശേഖറെന്ന ഇരുപത്തിയൊൻപതുകാരിയ മരിച്ച നിലയിൽ കണ്ടെത്തിയത് . ഷാർജയിലെ രോളപാർക്കിന് അടുത്തുള്ള ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനീയറായി ജോലി നോക്കിയിരുന്ന അതുല്യ ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കയായിരുന്നു. മരണത്തിൽ ഷാർജ പൊലീസും അന്വേഷണം തുടങ്ങി. അതിനിടെയാണ് കേരളത്തിൽ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് ഷാർജയിൽ കൊല്ലം സ്വദേശിയായ വിപഞ്ചിക എന്ന പെൺകുട്ടി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി മരണത്തിന് കീഴടങ്ങിയത്. വിദേശത്ത് ജോലി ചെയ്യുന്നവരായിട്ടും ഭർത്താവിന്റെ ക്രൂരതയിൽ നിന്ന് ഒഴിഞ്ഞു മാറാതെ സർവവും സഹിച്ചു കൊണ്ട് ഭർത്താവിനൊപ്പം തുടരുകയായിരുന്നു മരിച്ച രണ്ട് പെൺകുട്ടികളും.

Leave a Reply

Your email address will not be published. Required fields are marked *