ബി ജെ പി ഭാരവാഹിപ്പട്ടികയെ ട്രോളി വി കെ സനോജ് : പൂർവാശ്രമത്തിലെ രണ്ട് ‘കുന്നുമ്മൽ ബോയ്സ്’ എന്ന് പരിഹാസം

ബിജെപി സംസ്ഥാന ഭാരവാഹികളുടെ പട്ടിക പങ്കുവെച്ച് ട്രോളി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പൂർവ്വാശ്രമത്തിലെ രണ്ട് ‘കുന്നുമ്മൽ’ ബോയ്സ് എന്ന കുറിപ്പോടെയാണ് വി കെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്.. മുൻ വൈസ് ചാൻസലർ‌മാരായ ഡോ. കെ എസ് രാധാകൃഷ്ണനെയും ഡോ. അബ്ദുൾ സലാമിനെയും പരിഹസിച്ചിരിക്കുന്നത്. ടീം വികസിത കേരളം എന്ന തലക്കെട്ടിൽ ബിജെപി കേരള പങ്കുവെച്ച പുതിയ സംസ്ഥാന ഉപാധ്യക്ഷന്മാരുടെ പട്ടികയും കുറിപ്പിനൊപ്പം വി കെ സനോജ് പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ യുഡിഎഫ് ഭരണകാലത്ത് സംസ്കൃത സർവ്വകലാശയുടെ വൈസ് ചാൻസലറായി കെ എസ് രാധാകൃഷ്ണനെ നിയമിച്ചിരുന്നു. രാധാകൃഷ്ണൻ പിന്നീട് ബിജെപിയിൽ ചേരുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് സർക്കാരിൻ്റെ നോമിനിയായി കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലാറായിരുന്നു ഡോ. അബ്ദുൾ സലാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പൂർവ്വാശ്രമത്തിൽ ഇരുവരും മോഹൻ കുന്നുമ്മലുമാരായിരുന്നു എന്ന് പരോക്ഷമായി പരിഹസിക്കുന്നതാണ് വി കെ സനോജിൻ്റെ പോസ്റ്റ്. കേരള സർവകലാശാല താത്കാലിക വിസിയാണ് മോഹൻ കുന്നുമ്മൽ.

ഗവർണർ നിയമിച്ച കേരള സർവ്വകലാശാല വി സി മോഹൻ കുന്നുമ്മലിനെതിരെ ഇടത് വിദ്യാർത്ഥി-യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വി കെ സനോജിൻ്റെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. ​ഗവർണ‍ർ‌ രാജേന്ദ്ര ആർലേക്കറും വൈസ് ചാൻസലർ മോഹൻ കുന്നുമ്മലും കേരള സർവ്വകലാശാലയിൽ കാവിവത്കരണം നടത്തുകയാണെന്ന് ആരോപിച്ചാണ് സംഘടനകൾ സമരം ചെയ്യുന്നത്.

ഭാരതാംബ ചിത്രത്തിന്റെ പേരിൽ സർക്കാറും ഗവർണറും തമ്മിലുള്ള പോര് കടുക്കുന്നതിനിടെയാണ് വി കെ സനോജിന്റെ പോസ്റ്റ്.. കെ എസ് അനിൽ കുമാറിനെ രജിസ്ട്രാർ സ്ഥാനത്ത് നിന്ന് നീക്കുകയും പകരം പുതിയ ആളെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ സിൻഡിക്കേറ്റ് ചേർന്ന് സസ്പെൻഷൻ നടപടി റദ്ദാക്കിയിരുന്നു. ഇടത് സംഘടനകൾ ഈ വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *