വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുംമകളുടെ സംസ്കാരം നാളെ ദുബൈയിൽ

സമവായമായത് മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ

ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഏകദേശ ധാരണയായി. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തി കുടുംബ വീട്ടിൽ സംസ്കരിക്കും.മകളുടെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കാനാണ് ചർച്ചയിൽ തീരുമാനമായത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി ശേഷം വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം. മരണത്തിന് പിന്നാലെ നിധീഷിനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണവുമായി വിപഞ്ചികയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ വിപഞ്ചിക കടുത്ത പീഡനത്തിന് ഇരയായിരുന്നുവെന്നും ആത്മഹ്യയ്ക്ക് ഏതാനും നിമിഷം മുൻപ് എഴുതിയത് എന്ന് സംശയിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ മരണം നടന്നതിന് പിറ്റേ ദിവസം ഈകുറിപ്പ് അപ്രത്യക്ഷമായി.

മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബ വന്നതോടെയാണ് സംസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവ്യകതത വന്നത്. ഇരുവരുടേയും മൃതദേഹം ദുബൈയിൽ സംസ്കരിക്കാനാണ് ആദ്യം തീരുമാനിച്ചത്. വിപഞ്ചികയുടെ അമ്മയും സഹോദരനും ഇക്കാര്യത്തിൽ കടുത്ത വിയോജിപ്പ് അറിയിച്ചതോടെയാണ് ചർച്ചകൾ തുടങ്ങിയത്.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാരചടങ്ങ് മാറ്റിവെച്ചിരുന്നു. സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സംസ്‌കാരം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുത്തത്. മുന്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ഇടപെടലിലാണ് കോണ്‍സുലേറ്റ് ഇടപെട്ടതെന്ന്‌ വിപഞ്ചികയുടെ ബന്ധുക്കള്‍ അറിയിച്ചു.

വൈഭവിയുടെ മൃതദേഹം സംസ്കരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായിരുന്നു. അവസാന നിമിഷമാണ തീരുമാനം മാറ്റിയത്. കുഞ്ഞിന്റെസംസ്കാര ചടങ്ങുകൾ ഷാർജിൽ നടത്തുകയാണെന്നും വിപഞ്ചികയുടെ ബന്ധുക്കൾക്ക് വേണമെങ്കിൽ പങ്കെടുക്കാമെന്നും പറഞ്ഞ് നിധീഷ് സന്ദേശമയച്ചിരുന്നു. ഇതിൽ ബന്ധുക്കൾ വിയോജിപ്പ് അറിയിക്കുകയും നാട്ടിൽ നിതീഷിനും കുടുംബത്തിനും എതിരെ കേസ് രജിസ്റ്റ്ർ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങുകയാണെന്ന് നിതീഷ് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

പല ഭാഗങ്ങളിൽ നിന്നായുള്ള സഹായ അഭ്യര്‍ഥനകൾ ഫലം കാണാതെ വന്നോതോടെ വിപഞ്ചിയുടെ അഭിഭാഷകന്‍ അഡ്വ. മനോജ് കുമാര്‍ മുന്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ സഹായം തേടുകയായിരുന്നു.കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബത്തിന്റെ ആവശ്യത്തിന് ഒപ്പം നിന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി ഉടൻ തന്നെ ബന്ധപ്പെട്ടാണ് കാര്യങ്ങളിൽ വ്യക്തത വരുത്തിയത്. ഭര്‍ത്താവും അച്ഛനും എന്ന നിലയില്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ നിധീഷിനാണ് നിയമപരമായ അവകാശം എന്നത് കോണ്‍സുലേറ്റ് മുരളീധരനെ അറിയിച്ചു.

ഇതിനിടെ വിപഞ്ചികയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മരിച്ചയാളുകളുടെ ഭർത്താവും അച്ഛനും എന്നനിലയിൽ നിതീഷിന്റെ തീരുമാനത്തിനാണ് മുൻഗണനയെന്ന് കോടതി വ്യക്തമാക്കി. കേസിൽ ഉയരുന്ന ആരോപണവും നിതീഷിനെതിരായ കൊലപാതക കുറ്റവും തെളിവുകൾ നിരത്തിയല്ലെന്നും കേവല ആരോപണങ്ങളുടെ പേരിൽ അയാളുടെ അവകാശം ഇല്ലാതാവില്ലെന്നും കോടതി സൂചിപ്പിച്ചു.

വിപഞ്ചിക വിവാഹമോചന നീക്കടമടക്കം നടത്തിയിരുന്നുവെന്ന്‌ മുരളീധരന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ഇക്കാര്യം ദുബായ് പോലീസ് അധികൃതരെ അറിയിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ ഉണ്ടായത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പോലീസിനെ ബോധ്യപ്പെടുത്തുകയായിരുന്നു. ഇതിനിടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി ആശുപ്രത്രിയിൽ നന്ന് മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടിരുന്നു. കോൺസുലേറ്റ് ഇടപെടലിനെ തുടർന്ന് തീരുമാനം മാറ്റിയ കാര്യം അറിയിച്ചതോടെ പൊലീസ് ആംബുലന്‍സ് തടഞ്ഞ് മൃതദേഹം മോര്‍ച്ചറിയിലേക്ക് തിരികെ അയച്ചു. നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തണമെന്ന വിപഞ്ചികയുടെ കുടുംബാംഗങ്ങളുടെ ആവശ്യം ന്യായമാണെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും കോൺസുലേറ്റും നിലപാടെടുത്തു. വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍ എത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയിലാണ് വൈഭവിയുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിക്കാനും വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനും തീരുമാനമായത്.
എന്നാൽ മൃതദേഹം എപ്പോൾ കൊണ്ടുവരുമെന്നോ എന്താണ് അതിനുള്ള ക്രമീകരണങ്ങൾ എന്നത് സംബന്ധിച്ചോ വ്യക്തമായഒരു ഉത്തരം ബന്ധുക്കളിൽ നിന്ന് ലഭ്യമായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *