ന്യൂഡൽഹി: ഇറാനിൽ നിന്ന് എണ്ണ വാങ്ങിയതിന് ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം. ഇറാനിയൻ പെട്രോകെമിക്കൽ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന 20 ആഗോള സ്ഥാപനങ്ങൾക്ക് മേൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ഉപരോധ നടപടി. ഇന്ത്യ, തുർക്കി, ഇന്തോനേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ ആസ്ഥാനമായുള്ള കമ്പനികളെ ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ്.
വിദേശത്ത് ഭീകരതയെ പിന്തുണയ്ക്കുന്നതിനും സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്നതിനും ഇറാൻ ഭരണകൂടം ഉപയോഗിക്കുന്ന വരുമാനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഇറാനിയൻ എണ്ണയോ പെട്രോകെമിക്കലുകളോ വാങ്ങാൻ തീരുമാനിക്കുന്ന രാജ്യങ്ങൾ യുഎസ് ഉപരോധത്തിന്റെ പരിധിയിൽ വരുമെന്നും കൂടാതെ അമേരിക്കയുമായി വ്യാപാരം നടത്താൻ അവരെ അനുവദിക്കില്ല എന്നും പ്രസ്താവനയിൽ പറയുന്നു.
മുൻകാലങ്ങളിൽ ഈ നിർദേശങ്ങൾ ലംഘിച്ച ഏകദേശം 13 അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഇപ്പോൾ യുഎസ് ഉപരോധപട്ടികയിൽ ഉണ്ട്. 1.3 മില്യൺ ഡോളറിലധികം മൂല്യമുള്ള ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത കാഞ്ചൻ പോളിമേഴ്‌സ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളാണ് യു എസ് ലക്ഷ്യമിടുന്നത്. 22 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത രാംനിക്ലാൽ എസ്. ഗൊസാലിയ & കമ്പനിയും 2024 ജനുവരി മുതൽ 2025 ജനുവരി വരെ ഒന്നിലധികം കമ്പനികളിൽ നിന്ന് 49 ദശലക്ഷം ഡോളറിന്റെ സാധനങ്ങൾ വാങ്ങിയതിന് ജൂപ്പിറ്റർ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡും ഉപരോധ പട്ടികയിൽ ഉണ്ട്.
ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡും പെർസിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡുമാണ് മറ്റ് രണ്ട് സ്ഥാപനങ്ങൾ. കഴിഞ്ഞ വർഷം ഒന്നിലധികം കമ്പനികളുമായി യഥാക്രമം 51 മില്യൺ ഡോളറും 14 മില്യൺ ഡോളറും വിലമതിക്കുന്ന ഇറക്കുമതികൾ നടത്തിയിട്ടുണ്ട്. തിയോഡോർ ഷിപ്പിംഗ് ഉൾപ്പെടെ ഹൊസൈന്റെ ശൃംഖലയിലെ നിരവധി ഷിപ്പിംഗ് കമ്പനികളിൽ എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ച ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ പൗരൻ പങ്കജ് നാഗ്ജിഭായ് പട്ടേലിനെ കരിമ്പട്ടികയിൽ പെടുത്തിയതായി പ്രസ്താവനയിൽ പറയുന്നു.
മാർഷൽ ദ്വീപുകൾ ആസ്ഥാനമായുള്ള നിയോ ഷിപ്പിംഗ് ഇൻകോർപ്പറേറ്റഡിന്റെ ഏക ഓഹരി ഉടമയും ഡയറക്ടറുമായി യഥാക്രമം സേവനമനുഷ്ഠിച്ചിട്ടുള്ള ഇന്ത്യൻ പൗരന്മാരായ ജേക്കബ് കുര്യൻ, അനിൽ കുമാർ പനക്കൽ നാരായണൻ നായർ എന്നിവരും ഉപരോധ പട്ടികയിലുണ്ടെന്ന് വകുപ്പ് അറിയിച്ചു.