ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു സമ്പാദ്യം കയ്യിലുള്ളത് റിട്ടയർമെന്റ് ജീവിതം സമ്മർദരഹിതമാക്കാൻ സഹായിക്കും. വിരമിക്കൽ ജീവിതത്തിൽ ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഈ സമ്പാദ്യം സഹായിക്കും. സാമ്പത്തിക സ്വാതന്ത്ര്യം കൂടിയാണ് ഇത്തരത്തിലുള്ളൊരു മികച്ച സമ്പാദ്യത്തിലൂടെ ഓരോരുത്തർക്കും ലഭിക്കുന്നത്.
വിരമിക്കൽ ജീവിതം ആനന്ദകരമാക്കണമെങ്കിൽ, അതിനുള്ള ആസൂത്രണങ്ങൾ നേരത്തെ തുടങ്ങണം. വളരെ നേരത്തെ സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നത്, വിരമിക്കാറാകുമ്പോൾ വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാൻ സഹായിക്കും. ഇത്തരത്തിൽ ദീർഘകാല നിക്ഷേപത്തിനുള്ള മാർഗങ്ങളിലൊന്നായി പരിഗണിക്കാവുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി രീതിയിൽ നിക്ഷേപം നടത്തിയാൽ നിക്ഷേപം ഗണ്യമായ രീതിയിൽ വളരാൻ സഹായിക്കും.
പ്രതിമാസ എസ്ഐപി 500 രൂപ
25 വയസുള്ള ഒരു വ്യക്തി പ്രതിമാസം 500 രൂപ വീതം എസ്ഐപി രീതിയിൽ ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചുവെന്ന് കരുതുക. അടുത്ത 35 വർഷത്തേക്ക് ശരാശരി 15 ശതമാനം വീതം വാർഷിക വളർച്ച നൽകുമെന്ന് കരുതുക. ഓരോ വർഷവും 10 ശതമാനം വീതം പ്രതിമാസ എസ്ഐപി തുക വർധിപ്പിക്കുക. ഇങ്ങനെ ചെയ്താൽ 60-ാം വയസിൽ ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് 1.65 കോടി രൂപ സമ്പാദിക്കാനാകും.
പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ കിട്ടുന്നത് എത്ര?
25 വയസുള്ള ഒരു വ്യക്തി മാസംതോറും 5,000 രൂപ വീതം നിക്ഷേപിക്കുക. അടുത്ത 35 വർഷക്കാലയളവിൽ ശരാശരി വാർഷിക വളർച്ച 15 ശതമാനം നിരക്കാണെന്ന് കരുതുക. ഓരോ വർഷം കഴിയുന്തോറും 10 ശതമാനം വീതം എസ്ഐപി തുകയിൽ വർധനയും വരുത്തുത. എങ്കിൽ, 60-ാം വയസിൽ 16.50 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം സ്വന്തമാകും.
എസ്ഐപി ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
കഴിഞ്ഞ 5, 10 അല്ലെങ്കിൽ 15 വർഷങ്ങളിൽ ഫണ്ട് എന്ത് തരത്തിലുള്ള റിട്ടേണുകൾ നൽകിയെന്ന് മനസിലാക്കുക. ഓരോ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും അനുസരിച്ച് എസ്ഐപികള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ കോർപ്പസ് എത്രയായിരിക്കണമെന്ന് തീരുമാനിച്ചശേഷം മാസംതോറും നിക്ഷേപം തുടങ്ങാവുന്നതാണ്. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് അല്ലെങ്കിൽ ഫ്ലെക്സി ക്യാപ് ഇവയിൽ റിസ്ക് എടുക്കാനുള്ള നിങ്ങളുടെ കഴിവ് അനുസരിച്ച് തിരഞ്ഞെടുക്കുക.
നിക്ഷേപം കൃത്യമായി ബാലന്‍സ് ചെയ്യുന്നതായിരിക്കണം. മാസംതോറുമുള്ള നിക്ഷേപത്തിന്റെ തുക തീരെ കുറഞ്ഞ് പോകാതെ നോക്കണം. നിക്ഷേപ തുക കുറഞ്ഞുപോയാല്‍ ലക്ഷ്യം പൂര്‍ണമായി നേടാന്‍ കഴിയണമെന്നില്ല. പോര്‍ട്ട്ഫോളിയോ ഇടയ്ക്കിടെ വിലയിരുത്തുന്നത് നല്ലതാണ്. മാറ്റങ്ങള്‍ വരുത്താന്‍ ഇത് സഹായിക്കും. റിട്ടേണില്‍ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തരുത്. ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷ ചിലപ്പോള്‍ നിരാശയ്ക്ക് കാരണമാകാം.









