കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് കേട്ടിട്ടില്ലേ? മൂത്രത്തിന്റെ നിറവും നിങ്ങളുടെ ശരീരത്തിലെ നിര്‍ജലീകരണവും തമ്മില്‍ വലിയ ബന്ധമുണ്ട്. അതായത് ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നുണ്ടോ അല്ലെങ്കില്‍ അമിതമായി വെള്ളം കുടിക്കുന്നുണ്ടോ എന്നെല്ലാം മൂത്രത്തിന്റെ നിറത്തില്‍ നിന്ന് വ്യക്തമാകും.
ഡോക്ടര്‍മാര്‍ പറയുന്നത്
ദിവസത്തില്‍ ഒരു തവണയെങ്കിലും മൂത്രത്തിന്റെ നിറം പരിശോധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മൂത്രത്തിന്റെ നിറവ്യത്യാസം പല രോഗങ്ങളുടെയും സൂചനയാണ്.
കടുംമഞ്ഞ നിറം
മൂത്രത്തിനു കടുംമഞ്ഞ നിറമാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരം ഗുരുതരമായ നിര്ജലീകരണാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ്. ശരീരത്തിനു ആവശ്യമായ വെള്ളം കുടിക്കാതെ വരുമ്പോഴാണ് മൂത്രം കടുംമഞ്ഞ നിറമാകുന്നതും അസഹ്യമായ ഗന്ധം ഉണ്ടാകുന്നതും. ഇത്തരക്കാര്‍ ദിവസവും ധാരാളം വെള്ളം കുടിച്ച് ശീലിക്കുക.
വെള്ള നിറത്തില്‍ മൂത്രം പോകുന്നു
വെള്ള നിറത്തില്‍ മൂത്രം പോകുന്ന അവസ്ഥയും ശരീരത്തിനു അത്ര നന്നല്ല. അമിതമായി വെള്ളം കുടിക്കുമ്പോഴാണ് മൂത്രം ഇത്തരത്തില്‍ വെള്ള നിറത്തില്‍ പോകുന്നത്.
ഇളംമഞ്ഞ നിറം ആരോഗ്യകരം
ഇളംമഞ്ഞ നിറത്തിലാണ് മൂത്രം പോകുന്നതെങ്കില്‍ അത് ആരോഗ്യകരമാണ്. മൂത്രത്തിനു ഇളംമഞ്ഞ നിറം കാണുന്നത് സാധാരണമാണ്. ഇതില്‍ പേടിക്കാനൊന്നും ഇല്ല.
മൂത്രത്തിലൂടെ രക്തം വരുന്നത് സൂക്ഷിക്കുക
മൂത്രത്തിലൂടെ രക്തം വരുന്നതും രോഗലക്ഷണമാണ്. മൂത്രനാളിയില്‍ അണുബാധയുള്ളവര്‍ക്കും വൃക്കയില്‍ കല്ലുകളുള്ളവര്‍ക്കും മൂത്രത്തിലൂടെ രക്തം വരും. അതിനൊപ്പം വേദനയും തോന്നും. വേദനയില്ലാത്ത രക്തസ്രാവം ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ പ്രശ്നത്തിന്റെ അടയാളമായിരിക്കാം. പിങ്ക്, ചുവപ്പ് നിറത്തിലാണ് മൂത്രം പോകുന്നതെങ്കില്‍ അത് മൂത്രനാളിയിലെ അണുബാധ, മൂത്രത്തില്‍ കല്ല് എന്നിവയുടെ സൂചനയായിരിക്കാം. മൂത്രത്തിന്റെ നിറത്തില്‍ ഈ വ്യത്യാസങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
മൂത്രത്തിന്റെ ഗന്ധം
ചിലരുടെ മൂത്രത്തിനു സ്ഥിരമായി അസഹ്യമായ ഗന്ധമുണ്ടാകും. മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണമായിരിക്കാം ഇത്. മാത്രമല്ല വൃക്ക സംബന്ധമായ രോഗങ്ങളുടെ സൂചനയായും മൂത്രത്തിനു അസഹ്യമായ ഗന്ധം ഉണ്ടായേക്കാം. ശരീരത്തില്‍ അണുബാധയുണ്ടെങ്കില്‍, മദ്യപിച്ച ശേഷം, ചില മരുന്നുകള്‍ കാരണം, ആര്‍ത്തവ സമയത്തും ഇങ്ങനെ മൂത്രത്തിനു ദുര്‍ഗന്ധം വന്നേക്കാം.
ആരോഗ്യകരമായ വെള്ളം കുടി
രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ ദിവസവും വെള്ളം കുടിച്ചിരിക്കണം. ഒരേസമയം തുടര്‍ച്ചയായി വലിയ അളവില്‍ വെള്ളം കുടിക്കുന്ന രീതി ഒഴിവാക്കി കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിച്ച് ശീലിക്കുക. മാത്രമല്ല മൂത്രം പിടിച്ചുവയ്ക്കുന്നതും ഒഴിവാക്കണം.









