കണ്ണൂർ: വൈദേകം റിസോർട്ടിനെ ചൊല്ലി വീണ്ടും കണ്ണൂർ സിപിഐഎമ്മിൽ വിവാദം. ഇ പി ജയരാജനെ വിടാതെ പിന്തുടരുകയാണ് പി ജയരാജൻ. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിൽ നടപടി വേണമെന്ന് കഴിഞ്ഞ സിപിഐഎം സംസ്ഥാന സമിതിയിലും പി ജയരാജൻ ആവശ്യപ്പെട്ടു. താൻ നേരത്തെ ഉന്നയിച്ച വിഷയത്തിൽ എന്ത് നടപടി എടുത്തെന്നും പി ജയരാജൻ ചോദിച്ചു.
റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെല്ലാം പാർട്ടിയുടെ പരിഗണനയിലാണെന്നും പല കാരണങ്ങളാൽ ചർച്ച നീണ്ടുപോയതാണെന്നുമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. പി ജയരാജൻ പാർട്ടിയിൽ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് വൈദേകം റിസോർട്ടിലെ ഇ പി ജയരാജന്റെ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം വിവാദത്തിലായത്. ഇ പി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ കേസെടുത്തിരുന്നു. ഫെമ ചട്ടപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
റിസോർട്ടിന്റെ മറവിൽ അനധികൃത പണമിടപാട് നടന്നുവെന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. റിസോർട്ടിൽ ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിര 80 ലക്ഷവും മകൻ ജയ്‌സൺ 10 ലക്ഷവും നിക്ഷേപിച്ചതായാണ് ഇ ഡിക്ക് നൽകിയ പരാതിയിലുള്ളത്. കണ്ണൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നയാൾ നിക്ഷേപിച്ച മൂന്നു കോടി രൂപ കള്ളപ്പണമാണെന്നും പരാതിയിലുണ്ടായിരുന്നു.
രാഷ്ട്രീയ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ഇന്ദിരയുടെ ഓഹരികൾ വിറ്റൊഴിയാൻ തീരുമാനിച്ചിരുന്നു. പിന്നാലെ വൈദേകം റിസോർട്ടിന്റെ പൂർണ്ണ നടത്തിപ്പ് ചുമതല രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥയിലുള്ള നിരാമയ റിട്രീറ്റ്സിന് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടികളൊക്കെ നടക്കുന്നതിനിടയിലാണ് വീണ്ടും പി ജയരാജൻ സംസ്ഥാന സമിതിയിൽ ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. പാർട്ടി തലത്തിൽ നടപടിയെടുക്കാതെ പറ്റില്ലെന്ന തരിത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്.
ഇ പി ജയരാജന് രാഷ്ട്രീയ വൈരികളായ ബി ജെ പി നേതാവുമായുള്ള അടുപ്പമായിരുന്നു ആദ്യഘട്ടത്തിൽ വലിയ പ്രശ്നമായി പാർട്ടി ജില്ലാഘടകത്തിൽ ഉയർന്നിരുന്ന ആരോപണം. രാഷ്ട്രീയ വൈരികൾ എല്ലാ തരത്തിലും ശത്രുക്കളാണ് എന്ന നിലപാടും അന്ന് ഉയർത്തിയിരുന്നു. അതെല്ലാം പക്ഷേ ഇ പി ജയരാജൻ തള്ളിക്കളഞ്ഞു. ഇതിന് പിന്നാലെ ആ ർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും വിവാദമായി. പ്രകാശ് ജാവഡേക്കർ ഇ പി കൂടിക്കാഴ്ച വൻ രാഷ്ട്രീയ വിവാദത്തിനാണ് വഴിയൊരുക്കിയത്.
പക്ഷേ എൽ ഡി എഫ് കൺവീനർ സ്ഥാനം പോയതല്ലാതെ മറ്റ് രാഷ്ട്രീയ നീക്കങ്ങളൊന്നും ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ വിമർശനമാണ് പി ജയരാജനുൾപ്പെടെയുള്ള ചില നേതാക്കൾ ഈ വിഷയത്തിൽ ഉന്നയിച്ചത്. പക്ഷേ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ കുറച്ചുകൂടി ഉദാരമായ സമീപനമാണ് ഇവരോട് പുലർത്തിയത്. അതുകൊണ്ട് തന്നെ കണ്ണൂർ പി ജി ജയരാജനോട് അടുത്ത നിൽക്കുന്ന നേതാക്കളും അണികളും ഈ വിഷയം പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കുന്നത് സർവ സാധാരണമാണ്.
വൈദേകം റിസോർട്ടും നിരാമയ ഗ്രൂപ്പും കേവലം ബിസിനസ് പങ്കാളികൾ മാത്രമാണ് എന്നും അതിൽ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നുമാണ് സിപിഐ എം പക്ഷം. എങ്കിലും ബി ജെപിയുടെ സംസ്ഥാന അധ്യക്ഷനുമായി പാർട്ടിയിലെ മുതർന്ന നേതാക്കളിലൊരാൾ അടുപ്പം സൂക്ഷിക്കുന്നത് അണികൾക്കിടയിലും ചില മുറുമുറുപ്പുകളയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഈ അഭിപ്രായ ഭിന്നതയിൽ സമവായമുണ്ടാക്കണമെന്ന ആവശ്യവും ഒരു വിഭാഗം മുന്നോട്ടുവെക്കുന്നു.









