ഈ ഭക്ഷണശീലങ്ങള്‍ പിന്തുടരൂ, ഫാറ്റി ലിവര്‍ കുറയ്ക്കാം

ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദം, രക്തത്തിലെ അമിത കൊഴുപ്പ്, പൊണ്ണത്തടി എന്നിവയ്ക്കൊപ്പം ഇന്ത്യയിൽ വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗമാണ് ഫാറ്റിലിവര്‍ ഡിസീസ്. മദ്യപാനം മൂലമുള്ളതും അല്ലാത്തതുമായി രണ്ട് വിധത്തില്‍ ഫാറ്റി ലിവര്‍ രോഗം വരാറുണ്ട്.

മദ്യപാനം മൂലമുള്ള ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ബാധിക്കപ്പെട്ടവര്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് പലപ്പോഴും അലസമായ ജീവിതശൈലിയും സംസ്കരിച്ച ഭക്ഷണം അടങ്ങിയ ഭക്ഷണക്രമവും പിന്തുടരുന്നവരിലുമാണ് കണ്ടുവരുന്നത്. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിലൂടെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവർ തടയാൻ സഹായിക്കും. ഇതിന് സഹായിക്കുന്ന ചില ഭക്ഷണ വിഭവങ്ങള്‍ അറിയാം.

  1. ഓട്സ്

കൊഴുപ്പ് കുറഞ്ഞതും ഫൈബറും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയതുമായ ഭക്ഷണമാണ് ഓട്സ്. ഇത് കഴിക്കുന്നത് ഭാരം കുറയ്ക്കാനും അത് വഴി ഫാറ്റി ലിവറിനെ പ്രതിരോധിക്കാനും സഹായിക്കും.

  1. അവക്കാഡോ

സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ വെണ്ണയ്ക്ക് പകരം അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ അവക്കാഡോ പോലുള്ള ഭക്ഷണവിഭവങ്ങള്‍ കഴിക്കാവുന്നതാണ്. അവക്കാഡോയിലെ ഒമേഗ-3 ഫാറ്റി ആസിഡും ഫാറ്റിലിവറിനെ പ്രതിരോധിച്ച് കരളിനുണ്ടാകുന്ന നാശം കുറയ്ക്കും.

  1. വെളുത്തുള്ളി

പല ഇന്ത്യന്‍ ഭക്ഷണവിഭവങ്ങളുടെയും പ്രധാന ചേരുവയാണ് വെളുത്തുള്ളി. വെളുത്തുള്ളി അടങ്ങിയ സപ്ലിമെന്‍റുകള്‍ ഫാറ്റി ലിവര്‍ രോഗികളുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

  1. പച്ചിലകൾ

ചീര, ബ്രക്കോളി പോലുള്ള പച്ചില വിഭവങ്ങള്‍ കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നു. പച്ചിലകളിലെ ക്ലോറോഫില്‍ കരളിനെ ശുദ്ധീകരിക്കുമ്പോൾ ഇവയിലെ നൈട്രേറ്റ് സംയുക്തങ്ങള്‍ കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കുറച്ച് കരളിനെ സംരക്ഷിക്കുന്നു.

  1. മീൻ

മത്തി, ചൂര, സാല്‍മണ്‍ പോലുള്ള മീനുകള്‍ ധാരാളമായി ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരള്‍ നാശം കുറയ്ക്കാന്‍ സഹായകരമാണ്. ഹാനികരമായ ട്രൈഗ്ലിസറൈഡ് കുറയ്ക്കാനും ആരോഗ്യകരമായ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാനും മീന്‍ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *