തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിൽ വൻപൊട്ടിത്തെറി: പത്ത് പേർ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര്‍ മരിച്ചു. സങ്കറെഡ്ഡി ജില്ലയിലെ പസമൈലാരം വ്യവസായികമേഖലയിലെ ‘സിഗാച്ചി’ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ 26 പേര്‍ക്ക് പരിക്കേറ്റതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടര്‍ന്നു. അപകടത്തില്‍ മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. ആറുപേര്‍ സംഭവസ്ഥലത്തുവെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍വെച്ചും മരിച്ചെന്നാണ് വിവരം.

വിവിധയിടങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംഭവസമയം 150-ഓളം തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 90 പേരോളം പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിനടുത്തായി ജോലിചെയ്യുകയായിരുന്നു. പരിക്കേറ്റ 26 പേരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *