കൊച്ചി: വിവാദങ്ങൾക്കൊടുവിൽ പുതുക്കിയ കീം റാങ്ക് പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസിന് ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. ഇതോടെ വിവാദത്തിന് താത്കാലിക വിരാമമായി.
പഴയ പട്ടികയിൽ കേരള സിലബസിലെ വിദ്യാർഥി ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പുതിയ പട്ടികയിൽ ജോണിന് ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ പിന്നോട്ടുപോയി.
റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി. 2011 മുതലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനാണു കോടതി നിർദേശമെത്തിയത്.
പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു. മാർക്ക് ഏകീകരണത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ പോകുന്നത് മറികടക്കാനാണു സർക്കാർ പുതിയ പരിഷ്കാരം കൊണ്ടുവന്നത്. എന്നാൽ അത് നടപ്പാക്കാൻ വൈകിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ , ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയാണ് കീം.