ഗൗരവമുള്ള സിനിമകളിലൂടെയാണ് അശോകൻ ചലച്ചിത്രലോകത്ത് എത്തുന്നത്. തുടക്കകാലത്തുതന്നെ മികച്ച കഥാപാത്രങ്ങൾ ചെയ്ത് അശോകൻ തലമൂത്ത സംവിധായകരെവരെ ഞെട്ടിച്ചിട്ടുണ്ട്. അതുപോലെ തന്നെ ജനപ്രിയ കഥാപാത്രങ്ങളും അശോകൻ ചെയ്തിട്ടുണ്ട്. കോളജ് കുമാരനാകാനും പെൺകുട്ടികളുടെ പിന്നാലെ വായിനോക്കി നടക്കുന്ന പൂവാലനാകാനും അശോകനെ കഴിഞ്ഞേ ആളുള്ളൂ.
സിനിമയിലെ തന്റെ തുടക്കകാലത്തെയും ഇക്കാലത്തെ സിനിമയിലെ സൗകര്യങ്ങളെയും കുറിച്ച് അശോകൻ പറഞ്ഞത് ചലച്ചിത്രാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. ഇപ്പോൾ ഏറ്റവും കൂടുതൽ സിനിമ ചെയ്യുന്നത് നവാഗതരായ സംവിധായകർക്കൊപ്പമാണ്. ഏറ്റവും പുതിയ ടെക്നോളജിയിലും രീതിയിലും സിനിമയെ സമീപിക്കുന്നവരാണ് അവരെല്ലാം. ആ സിനിമകളിലും നല്ല കഥാപാത്രമാകാൻ സാധിക്കുന്നു എന്നത് എന്റെ ഭാഗ്യമാണ്. പഴയതിനെ അപേക്ഷിച്ച് സിനിമ നിർമിക്കുക എന്നത് ഇക്കാലത്തു കുറേക്കൂടി എളുപ്പമായിട്ടുണ്ട്. ടെക്നോളജിയുടെ വളർച്ചകൊണ്ട് സാധ്യമാത്.
പലതരം കാമറകളും മറ്റുപകരണങ്ങളുമെല്ലാം ലഭ്യമായതിനാൽ ഇന്ന് ഏത് ബജറ്റിലും സിനിമയെടുക്കാം എന്ന രീതിയിലേക്ക് കാര്യംമാറി. അതൊക്കെ നല്ലതാണ്. പക്ഷേ, പഴയതിനെ അപേക്ഷിച്ച് സിനിമയിലെ മനുഷ്യർ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു. കാരണം കാരവാൻപോലുള്ള സൗകര്യങ്ങൾ വന്നതോടെ ഇടവേളകളിൽ ഒന്നിച്ചിരുന്നുള്ള സംസാരവും മറ്റും ഇല്ലാതായി. സീൻ കഴിഞ്ഞാൽ ആൾക്കാർ കാരവാനിൽ പോയി ഇരിക്കുന്ന രീതിയിലേക്ക് കാര്യം മാറി- അശോകൻ പറഞ്ഞു.