ജൂലൈ അഞ്ചിന് വലിയ പ്രകൃതിദുരന്തമുണ്ടാകുമെന്ന പ്രചരണങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിരന്തരമുണ്ടാകുന്ന ഭൂകമ്പങ്ങളില്‍ വന്‍ ആശങ്ക. ജപ്പാനിലെ തോകാര ദ്വീപസമൂഹത്തിലാണ് രണ്ടാഴ്ചയായി തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. രണ്ടാഴ്ചക്കിടെ മാത്രം ചെറുതും വലുതുമായി 875 ഭൂചലനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായി. ജാപ്പനീസ് കാലാവസ്ഥാ ഏജന്‍സിയാണ് ഭൂകമ്പത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മാത്രം റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും അനുഭവപ്പെട്ടു.
ജപ്പാനിലെ തോകാര ദ്വീപ് സമൂഹത്തിലെ പ്രധാനപ്പെട്ട ഒരു ദ്വീപാണ് കഗോഷിമ. ഇവിടെ നിലവില്‍ 89 കുടുംബങ്ങളാണ് ഉള്ളത്. ഇതിന് പുറമെ യകുഷിമ, അമാമി-ഒഷിമ ദ്വീപിലും സമാനമായ രീതിയില്‍ ഭൂകമ്പമുണ്ടായി. ഇനിയും ഭൂചലനമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. രാപകല്‍ വ്യത്യാസമില്ലാതെ തുടര്‍ ഭൂചലനമുണ്ടാകുന്നതില്‍ വന്‍ ആശങ്കയാണുയരുന്നത്.
ഈ ദ്വീപസമൂഹത്തില്‍ ആകെ 700 കുടുംബങ്ങളാണ് ഉള്ളത്. റിങ് ഓഫ് ഫയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സജീവ ഭൂകമ്പ മേഖലയിലാണ് ജപ്പാന്‍. വര്‍ഷം ചെറുതും വലുതുമായ 1500 ല്‍ അധികം ഭൂചലനങ്ങള്‍ ജപ്പാനില്‍ രേഖപ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ ഈ പ്രവണതയില്‍ ആശങ്ക വേണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ ആധി വര്‍ധിക്കുന്നതിന് പിന്നില്‍ ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18ന് വലിയൊരു ദുരന്തമുണ്ടാകുമെന്ന റിയോ തത്സുകിയുടെ ദുരന്ത പ്രവചനവുമായി കൂട്ടിച്ചേര്‍ത്താണ്.
തത്സുകിയുടെ പ്രവചന പുസ്തകമായ ഫ്യുച്ചര്‍ ഐ സോയിലാണ് ദുരന്തത്തെ കുറിച്ച് പറയുന്നത്. ജപ്പാനും ഫിലിപ്പീന്‍സിനുമിടയില്‍ കടലിനടിയില്‍ വലിയ വിള്ളലുണ്ടാകുമെന്നും 2011ലേതിനേക്കാള്‍ വലിയ തിരമാലകളുണ്ടാകുമെന്നുമൊക്കെയാണ് അതില്‍ പറയുന്നത്. പ്രവചനം പ്രചരിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ജപ്പാനിലേക്കും ചൈനയിലെ ഹോങ്കോങ്ങിലേക്കുമുള്ള യാത്രകള്‍ റദ്ദാക്കിയിരുന്നു. അതേസമയം ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.