റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പന്‍ നികുതി ചുമത്താനുള്ള നീക്കവുമായി അമേരിക്കന്‍ ഭരണകൂടം. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാന്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ് സെനറ്റില്‍ ഇതിനുള്ള ബില്ല് കൊണ്ടുവരുമെന്നാണ് സൂചന. ചൈനയുമായി വ്യാപാരക്കരാര്‍ ഒപ്പിടുകയും ഇന്ത്യയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് പുതിയ ബില്ല് വരുന്നത്. ബില്ല് നടപ്പിലായാല്‍ ബില്‍ നിയമം ആയാല്‍ ഇന്ത്യയുടെ ഫാര്‍മ, ടെക്സ്‌റ്റൈല്‍, ഐടി മേഖലകളെ ഗുരുതരമായി അത് ബാധിക്കും.
ഉക്രെയ്‌നില്‍ പൂര്‍ണതോതിലുള്ള അധിനിവേശം ആരംഭിച്ചിരിക്കുന്ന റഷ്യയുടെ എണ്ണയില്‍ 70 ശതമാനവും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്. അങ്ങനെയുള്ളവര്‍ യുഎസില്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കണമെങ്കില്‍ ഉയര്‍ന്ന നികുതി നല്‍കുക തന്നെ വേണമെന്ന് റിപബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം പറയുന്നു. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിലൂടെ യുക്രൈനെതിരായ യുദ്ധത്തന് ഇന്ത്യയും ചൈനയും റഷ്യയെ സഹായിക്കുകയാണെന്നും സെനറ്റര്‍ ആരോപിച്ചു. ലിന്‍ഡ്സെ ഗ്രഹാമും ഡെമോക്രാറ്റ് സെനറ്റര്‍ റിച്ചാര്‍ഡ് ബ്രുമെന്തലും ചേര്‍ന്നാണ് ബില്ല് യുഎസ് സെനറ്റില്‍ കൊണ്ടുവരുന്നത്. യുക്രൈന്‍ യുദ്ധത്തില്‍നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ അവരെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് ബില്‍ കൊണ്ടുവരുന്നത്. വരുന്ന ഓഗസ്റ്റില്‍ ബില്‍ സെനറ്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുമുണ്ടെന്നാണ് പറയുന്നത്.
റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡോയില്‍ വാങ്ങുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 2022-ല്‍ യുക്രൈനിലേക്ക് റഷ്യ അധിനിവേശം നടത്തിയതിന് ശേഷം റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ യു.എസുമായി വ്യാപാരക്കരാര്‍ കൊണ്ടുവരാന്‍ നികുതി എന്ന ആയുധം ട്രംപ് പ്രയോഗിച്ചിരുന്നു.









