ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശത്തിലെ പ്രധാന പരിപാടികളിലെ സുരേഷ് ഗോപിയുടെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു.. തിരുവനന്തപുരത്തെ പരിപാടികളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കാക്കത് ഇതിനകം ചർച്ചയായി. കേന്ദ്ര ആഭ്യന്തര മന്ത്രി തിരുവനന്തപുരത്തെ പരിപാടിയിൽ എത്തിയപ്പോൾ കോട്ടയത്ത് സ്വകാര്യപരിപാടികളിൽ പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി.. മുൻ നിശ്ചയിച്ച പരിപാടികൾ കാരണമാണ് അമിത് ഷായുടെ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയത്.
ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങിലും നേതൃസംഗമത്തിലും സുരേഷ് ഗോപിയുടെ അസാന്നിധ്യം ചർച്ചയായി. ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കാതെ കോട്ടയത്ത് വിവിധ സ്വകാര്യപരിപാടികൾ സുരേഷ് ഗോപി പങ്കെടുത്തു. വിട്ടുനിന്നത് വിവാദമായതോടെ വിശദീകരണവുമായി സുരേഷ്ഗോപി രംഗത്തെത്തി.
നേരത്തെ നിശ്ചയിച്ച ചില പരിപാടികൾ കാരണമാണ് അമിത് ഷായുടെ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് നേതൃത്വത്തെ അറിയിച്ചതായും സുരേഷ് ഗോപി വിശദീകരിച്ചു. ഇന്നലെ അമിത്ത് ഷായെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയിരുന്നു. വിമാനം വൈകിയതോടെ കോട്ടയത്തേക്ക് തിരിക്കുകയായിരുന്നു.
എന്നാൽ പുനസംഘടനയിലെ അതൃപ്തിയാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന ആരോപണം സുരേഷ് ഗോപി തള്ളി. പുനസംഘടനയിൽ തനിക്ക് അസംതൃപ്തി ഇല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂർ ജില്ലാ അധ്യക്ഷനായിരുന്ന അനീഷിനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാൻ സുരേഷ് ഗോപി നിർദ്ദേശിച്ചിരുന്നു. സുരേഷ് ഗോപിയുടെ നിർദ്ദേശം സംസ്ഥാന നേതൃത്വം അവഗണിച്ചു.
ഇതാണ് അമിത്ഷായുടെ പരിപാടിയിൽ നിന്ന് മാറിനിൽക്കാൻ കാരണമെന്ന പ്രചാരണം ശക്തമാണ്. എതിരാളികൾ താറടിക്കാൻ നടത്തുന്ന പ്രചാരണമാണ് ഇതെന്ന് സുരേഷ് ഗോപിയെ പിന്തുണക്കുന്നവർ പറയുന്നു. എന്തായാലും ദേശീയ നേതൃത്വത്തിലെ തലപ്പൊക്കമുള്ള നേതാക്കൾ എത്തുമ്പോൾ സ്ഥലത്തുണ്ടായിട്ടും പങ്കെടുക്കാതിരിക്കുന്ന പതിവ് നേതൃത്വത്തിലില്ല. അനുമതി വാങ്ങിയാണ് പരിപാടിയിൽ നിന്ന് മാറിയതെന്ന സുരേഷ് ഗോപിയുടെ വാദം പാർട്ടി ഔദ്യോഗികമായി അംഗീകരിച്ചിട്ടുമില്ല.