‘ഞാന്‍ പാര്‍ട്ട്‌ടൈം അഭിനേത്രിയും ഫുള്‍ടൈം രാഷ്ട്രീയക്കാരിയുമാണ്’: സ്മൃതി ഇറാനി

താനൊരു പാര്‍ട്ട്‌ടൈം നടിയും ഫുള്‍ടൈം രാഷ്ട്രീയക്കാരിയുമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും നടിയുമായ സ്മൃതി ഇറാനി. 25 വര്‍ഷം മുമ്പ് സ്റ്റാര്‍ പ്ലസില്‍ ആദ്യമായി സംപ്രേഷണം ചെയ്ത ജനപ്രിയ പരമ്പര ക്യുങ്കി സാസ് ഭി കഭി ബഹു തി-യിലെ കഥാപാത്രമായ തുളസി വിരാനിയുടെ വേഷത്തിലേക്ക് സ്മൃതി ഇറാനി വീണ്ടും ചുവടുവയ്ക്കുന്നതിനിടെ ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പരമ്പരയുടെ പുനരാരംഭവുമായി നിര്‍മാതാവ് ഏക്താ കപുര്‍ എത്തിയിരിക്കുകയാണ്. ഫുള്‍ടൈം പൊതുപ്രവര്‍ത്തകയും പാര്‍ട്ട് ടൈം നടിയും എന്നു സ്വയം വിശേഷിപ്പിച്ച സ്മൃതി ഇറാനി, അഭിനയലോകത്തെയും അതുപോലെ രാഷ്ട്രീയമേഖലയിലെയും ഉത്തരവാദിത്തങ്ങള്‍ ഒരേസമയം കൈകാര്യം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. പല രാഷ്ട്രീയക്കാരും പാര്‍ട്ട്‌ടൈം അഭിഭാഷകരോ, അധ്യാപകരോ, പത്രപ്രവര്‍ത്തകരോ ആണെന്നും സ്മൃതി.

49 വയസുള്ള ഒരാളെ സംബന്ധിച്ച്; കലാരംഗത്തുമാത്രമല്ല, രാഷ്ട്രീയത്തിലും 25 വര്‍ഷത്തെ സംഭവബഹുലമായ സഞ്ചാരം നിസാരകാര്യമല്ല. അതൊരു അനുഗ്രഹീതമായ സഞ്ചാരമാണ്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍, ഈ രണ്ടു മേഖലകളിലും വിജയിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞിട്ടില്ല. മാത്രമല്ല, സ്ത്രീയാണെങ്കില്‍ കലാരംഗത്തും രാഷ്ട്രീയത്തിലും തുടര്‍ച്ചയായി രണ്ടര പതിറ്റാണ്ട് സജീവമായി തുടരുക എന്നതു ചെറിയ കാര്യമല്ല. തനിക്കു കുടുംബങ്ങളുടെ ഭാഗമാകാനും വ്യക്തിഗത ജീവിതങ്ങളുടെ ഭാഗമാകാനും കഴിഞ്ഞതു ദൈവാനുഗ്രഹമായി കാണുന്നുവെന്നും സ്മൃതി പറഞ്ഞു.

മിനി സ്‌ക്രീനുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് ഒരു വ്യവസായമെന്ന നിലയില്‍, അവര്‍ സൃഷ്ടിക്കുന്ന വരുമാനത്തിന്റെ കാര്യത്തില്‍, അവര്‍ക്കു ലഭിക്കുന്ന സ്വാധീനത്തിന്റെ കാര്യത്തില്‍ അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ല. കണക്കുകള്‍ പരിശോധിച്ചാല്‍, കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ വ്യവസായം 30,000 കോടി രൂപവരെ വരുമാനം നേടിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ രീതികള്‍ മാറിക്കൊണ്ടിരിക്കുന്നു. ഒടിടി അവിഭാജ്യ ഘടകമായി മാറി. ഏകദേശം 24,000 കോടി രൂപയുടെ ബിസിനസ് ആണ് ഒടിടിയിലുണ്ടായത്. ഇതു വാണിജ്യവിജയം മാത്രമല്ല, സാംസ്‌കാരിക സ്വാധീനം നേടുന്ന വ്യവസായവുമാണിത്.

ഒരു അഭിനേത്രിയാകുന്നതിന് മുമ്പ്, ടെലിവിഷന്‍ വാര്‍ത്താശൃംഖലയില്‍ സ്ട്രിംഗറായും വാര്‍ത്താ ബുള്ളറ്റിനില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചു. 1990കളുടെ അവസാനത്തില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തതായും സ്മൃതി പറഞ്ഞു. രാജ്യത്തു ശക്തമായ രാഷ്ട്രീയ സംവിധാനം വേണമെങ്കില്‍, എല്ലാ തൊഴിലുകളിലും ഏറ്റവും മികച്ചവര്‍ സജീവ രാഷ്ട്രീയത്തിലേക്കു വരണം. അതു രാജ്യത്തിനു ഗുണകരമാകും. താന്‍ അത്തരത്തിലുള്ള രാഷ്ട്രീയജീവിതമാണു നയിച്ചതെന്നും സ്തി പറഞ്ഞു.

വളരെയധികം ജനപ്രീതി നേടിയിട്ടും, സമൂഹത്തിലെ പുരുഷാധിപത്യ വീക്ഷണം പ്രചരിപ്പിച്ചതിന് ക്യുങ്കി സാസ് ഭി കഭി ബഹു തി പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് അതുമായി ബന്ധമുണ്ടായിരുന്നില്ലെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *