ചെന്നൈ: കലാനിധി മാരനും ദയാനിധി മാരനും തമ്മിലുള്ള തർക്കം രമ്യാമായി പരിഹരിച്ചു. ഇവരുടെ അടുത്ത ബന്ധുകൂടിയായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇടപെടൽമൂലമാണ് തർക്കം പരിഹരിച്ചത്. ഒത്തുതീർപ്പിന്റെ ഭാഗമായി കലാനിധി മാരൻ 800 കോടി രൂപ ദയാനിധി മാരന് കൈമാറി.. മുൻകേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ ഇരുവരും തമ്മിൽ ഏറെ നാളായി സ്വരച്ചേർച്ചയിലല്ലായിരുന്നു. പലതരത്തിൽ സമവായ നീക്കം നടന്നെങ്കിലും സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള തർക്കം തുടരുകയായിരുന്നു.
തമിഴ്നാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് രാഷ്ട്രീയ വിദഗ്ധർ സൂചന നൽകിയതിന് പിന്നാലെയാ് എം കെ സ്റ്റാലിൻ ഇക്കാര്യത്തിൽ ഇടപെട്ടത്. തുടർന്ന് ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് സ്റ്റാലിൻ നേതൃത്വം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ദ്രാവിഡനേതാവ് വീരമണി എന്നിവരെ നിയോഗിച്ചു. ഇത്തരത്തില്‍ മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയാണ് തര്‍ക്കം പരിഹരിച്ചത്. എണ്ണൂറ് കോടി രൂപ കൈമാറിയത് കൂടാതെ ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട പോര്‍ട്ട് ക്ലബ് പ്രദേശത്ത് ഒരേക്കര്‍ ഭൂമിയും ദയാനിധി മാരന് നല്‍കി. ഏകദേശം നൂറു കോടി മൂല്യം വരുന്നതാണ് ഈ വസ്തു.
ഞായറാഴ്ച സ്റ്റാലിൻ നടത്തിയ അവസാനവട്ട മധ്യസ്ഥ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചെന്ന് ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. തർക്കം പരിഹരിച്ച സാഹചര്യത്തിൽ കലാനിധിക്കെതിരേ നൽകിയ വക്കീൽ നോട്ടീസ് ദയാനിധി മാരൻ പിൻവലിക്കും എന്നും വ്യക്തമാക്കി. ജൂൺ പത്തിനാണ് ദയാനിധി മാരൻ വക്കീൽ നോട്ടീസയച്ചത്.
സൺ ഗ്രൂപ്പിന്റെ ആയിരക്കണക്കിന് കോടിരൂപ വിലമതിക്കുന്ന ലക്ഷക്കണക്കിന് ഓഹരികൾ നിയമങ്ങൾ ലംഘിച്ച് കലാനിധി മാരൻ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. ആരോപണം അതിരു കടക്കുകയും ഇരുവരും അവരവരുടെ ന്യായങ്ങളുമായി കോടതിയെ സമീപിക്കുകയും ചെയ്തതോടെ കാര്യങ്ങൾ ദേശീയ ശ്രദ്ധനേടി. നേരത്തെയും മാരൻ കുടുംബത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സ്റ്റാലിൻ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. കരുണാനിധിയുടെ മൂത്തമകൻ എം.കെ. അഴഗിരിയും മാരൻ സഹോദരന്മാരും തമ്മിൽ 2008-ൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ സ്റ്റാലിൻ മധ്യസ്ഥ ചർച്ച നടത്തി പരിഹാരം കണ്ടെത്തിയിരുന്നു.
വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടുവെന്ന് കാട്ടി കലാനിധി മാരൻ, ഭാര്യ കാവേരി മറ്റ് ഏഴുപേർ എന്നിവർക്കെതിരേ ദയാനിധിമാരൻ വക്കീൽ നോട്ടീസയച്ചത്.മുരസൊലി മാരന്റെ മരണശേഷം സൺ ടിവി നെറ്റ്‌വർക്കിന്റെ 3500 കോടി മതിക്കുന്ന ഓഹരികൾ കലാനിധിമാരൻ സ്വന്തം പേരിലേക്ക് മാറ്റിയെന്നതാണ് ഗുരുതരമായ ആരോപണം. കള്ളപ്പണം വെളുപ്പിക്കൻ നിയമത്തിന്റെ പരിധിയിൽ വരുന്ന ഈ കാര്യം എസ് എഫ് ഐ ഒ അന്വേഷിക്കണം എന്ന ആവശ്യമാണ് നോട്ടീലുണ്ടായിരുന്നത്.
മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ, മുരസൊലി മാരന്റെ ഭാര്യ മല്ലിക എന്നിവരായിരുന്നു സൺ ടിവി നെറ്റ്‌വർക്കിന്റെ മാതൃകമ്പനിയായ സുമംഗലി പബ്ലിക്കേഷൻസിന്റെ പ്രൊമോട്ടർമാർ. 50 ശതമാനം വീതമായിരുന്നു ഇരുവർക്കും ഓഹരി പങ്കാളിത്തം. 2003-ൽ ദയാലു അമ്മാളുടെ അനുമതി വാങ്ങാതെ കലാനിധി മാരൻ 60 ശതമാനം ഓഹരികൾ സ്വന്തംപേരിലേക്ക് മാറ്റിയതാണ് തർക്കത്തിന് ആധാരം.
കലാനിധി മാരനും ഭാര്യ കാവേരിയും 2003 മുതൽ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ മുഴുവൻ ആനുകൂല്യങ്ങളും ലാഭവിഹിതവും ആസ്തികളും കാലതാമസമില്ലാതെ എംകെ ദയാലു അമ്മാൾക്കും മാരന്റെ നിയമപരമായ അവകാശികൾക്കും നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.