സ്‌കൂളുകളില്‍ മതപ്രാര്‍ഥന ഒഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വകുപ്പില്‍ ഇതുസംബന്ധിച്ച് ആലോചന തുടങ്ങിയതായി ഒരു ചാനല്‍ അഭിമുഖത്തില്‍ മന്ത്രി അറിയിച്ചു.
സര്‍വമത പ്രാര്‍ഥനകളാണ് സ്‌കൂളുകളില്‍ വേണ്ടത്. കേരളം ഈ വിഷയം ചര്‍ച്ച ചെയ്യണം. പല സ്‌കൂളുകളിലും പ്രത്യേക മതവിഭാഗങ്ങളുടെ പ്രാര്‍ഥനകള്‍ നടത്തുന്നുണ്ട്. ഒരു മതത്തിന്റെ പ്രാര്‍ഥനകള്‍ മറ്റ് മതത്തില്‍പെട്ട കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് ചൊല്ലിക്കുന്നത് ശരിയല്ല. ഇത് പരിശോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ജനഗണമന, എന്‍എസ്എസിന്റെ ഗീതം ഒക്കെ പൊതുസ്വീകാര്യമായ പാട്ടുകളാണ്. ഇപ്പോള്‍ ക്രിസ്ത്യന്‍ സ്‌കൂളുകളിലും മുസ്ലീം സ്‌കൂളുകളിലും ഹിന്ദു സ്‌കൂളുകളിലും അവരവരുടെ മതങ്ങളുമായി ബന്ധപ്പെട്ട പാട്ടുകളാണ് പാടിക്കുന്നത്. എല്ലാ മതവിഭാഗത്തില്‍ പെട്ടവരും പഠിക്കുന്ന സ്‌കൂളുകളില്‍ ഇത്തരം പാട്ടുകള്‍ അടിച്ചേല്‍പിക്കുന്നത് ശരിയല്ല. പല സ്‌കൂളുകളിലും അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമായ കാര്യങ്ങളാണ് നടക്കുന്നത്. ഒന്നാം ക്ലോസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ മനസ്സില്‍ ഇതാണ് വേരുറപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.