കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവം കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ചയുടെ പേരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ സ്വന്തം പാർട്ടിയിലും അമർഷം പുകയുന്നു. ആശാ വർക്കർമാരുടെ സമരം അടക്കം മന്ത്രി കൈകാര്യം ചെയ്ത രീതിയെ പാർട്ടിക്കകത്തും പരസ്യമായും നേതാക്കളും പ്രവർത്തകരും വിമർശിക്കുകയാണ്.
വീണാ ജോർജിന് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്ന് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പിജെ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല… പറയിപ്പിക്കരുത്.’ എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ ജോൺസൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സതേടിയതിനെ പുറത്താക്കപ്പെട്ട പത്തനംതിട്ട സിഡബ്ല്യുസി ചെയർമാൻ പരിഹസിച്ചു. ‘കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവുപറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. അങ്ങനെ പരീക്ഷകളിൽനിന്ന് രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളിൽനിന്നും. കൊടുത്താൽ എവിടെ വേണമെങ്കിലും കിട്ടും.’ ഇങ്ങനെയാണ് മന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട ഇരവിപേരൂർ സിപിഎം ഏരിയാ കമ്മിറ്റിയംഗംകൂടിയായ എൻ. രാജീവ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
അഡ്വക്കേറ്റ് പ്രതിയായ പത്തനംതിട്ട പോക്സോ കേസ് അട്ടിമറി ആരോപണത്തിലാണ് എൻ. രാജീവിനെ സിഡബ്ല്യുസി ചെയർമാൻ സ്ഥാനത്തുനിന്ന് അടുത്തിടെ സസ്പെൻഡുചെയ്തത്. സൈബറിടങ്ങളിൽ വീണാ ജോർജിനെതിരെ വിമർശനം ശക്തമാണ്.
അതേ സമയം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോര്‍ജിനെ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് മന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് വിവരം. തുടർന്ന് ഡ്രിപ്പിട്ടു ചികിത്സ നൽകി.









