രാജസ്ഥാനിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണു; മരണം ഏഴായി

രാജസ്ഥാൻ: രാജസ്ഥാനിലെ ജലവാർ ജില്ലയിൽ വെള്ളിയാഴ്ച രാവിലെ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് ഏഴ് കുട്ടികൾ മരിച്ചു. 15 പേർക്ക് പരിക്ക്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. മനോഹർ താനയിലെ പിപ്ലോഡി സർക്കാർ സ്‌കൂളിൽ രാവിലെ 8:30 ഓടെയാണ് ദാരുണമായ സംഭവം നടന്നത്.

ഒറ്റനില കെട്ടിടത്തിന്റെ മേൽക്കൂര ഇടിഞ്ഞുവീഴുമ്പോൾ 40 ഓളം വിദ്യാർത്ഥികളും നിരവധി അധ്യാപകരും ജീവനക്കാരും സ്‌കൂൾ പരിസരത്തുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ മനോഹർ താന ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ ഗുരുതരമായ പരിക്കുകളുള്ളവരെ ജില്ലയിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

കെട്ടിടം വളരെ ജീർണാവസ്ഥയിലാണെന്നും, അതിന്റെ സുരക്ഷിതമല്ലാത്ത അവസ്ഥയെക്കുറിച്ച് നേരത്തെ നിരവധി പരാതികൾ ലഭിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസം നൽകുന്ന സ്‌കൂളാണിത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ കുട്ടികളെയും അധ്യാപകരെയും ജീവനക്കാരെയും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും നാല് ജെസിബികൾ എത്തിച്ചുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *