എക്കിൾ എന്നത് സ്വാഭാവികമായി സംഭവിക്കുന്നൊരു പ്രതിഭാസമാണ്. ശ്വാസകോശത്തിന് താഴെയുള്ള പേശിയായ ഡയഫ്രം ചുരുങ്ങുന്നത് മൂലം സ്വരതന്തുക്കള്‍ പെട്ടെന്ന് അടയുമ്പോൾ ഒരു ശബ്ദം നാം അറിയാതെ പുറത്തുവരുന്നു. ഇതാണ് എക്കിൾ. ഒരു മിനിറ്റിൽ 4 മുതൽ 60 തവണവരെ എക്കിൾ വരാം.
പലപ്പോഴും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ എക്കിൾ വരാംസാധാരണയായി ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ എക്കിൾ മാറാറുണ്ട്. എന്നാൽ, ചിലരിൽ എക്കിൾ വിട്ടുമാറാതിരിക്കാറുണ്ട്. ഇത്തരത്തിൽ വിട്ടുമാറാത്ത എക്കിൾ ഭക്ഷണം കഴിക്കുന്നതിനെയും മറ്റുള്ളവരോട് ഇടപെടുന്നതിനെയും ഉറക്കത്തെപ്പോലും ബാധിക്കും. പല രോഗങ്ങൾക്കും ഈ എക്കിൾ ഒരു ലക്ഷണമായേക്കാം.
വേഗത്തിൽ ഭക്ഷണവും വെള്ളവും കുടിക്കുക, സോഡ, ചൂട് പാനീയങ്ങള്‍, മദ്യം എന്നിവ കുടിക്കുക, വയറില്‍ ഗ്യാസ്, സ്ട്രെസ്, അമിതമായി ഭക്ഷണം കഴിക്കുക, കഴിക്കുമ്പോള്‍ വായു അമിതമായി അകത്തേക്ക് തള്ളുക, അനസ്‌തേഷ്യ, സ്‌റ്റിറോയ്‌ഡുകള്‍ പോലുള്ള മരുന്നുകള്‍ എന്നിവയെല്ലാം എക്കിൾ വരുന്നതിന്റെ കാരണങ്ങളാണ്. എന്നാൽ, എക്കിള്‍ നീണ്ടു നില്‍ക്കുന്നത് ചില തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.
48 മണിക്കൂറിലധികം നീണ്ട് നില്‍ക്കുന്ന എക്കിളിനെ ക്രോണിക് ഹിക്കപ്പ് എന്ന് വിളിക്കും. ഇത് ഗുരുതരമായ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാകാം വരുന്നത്. രണ്ടു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന എക്കിളുകളും (Present hiccups) ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന എക്കിളുകളും (Interactable hiccups) വന്നാൽ ശ്രദ്ധിക്കണം.
പക്ഷാഘാതം, നാഡീവ്യൂഹത്തിന്റെ നാശം , ഹൃദയാഘാതം, ന്യുമോണിയ, അര്‍ബുദം, അര്‍ബുദ ചികിത്സയുടെ പാര്‍ശ്വഫലം, പാന്‍ക്രിയാറ്റിറ്റിസ്, അണുബാധ, അന്ന നാളിയുടെ വീക്കം എന്നിവയുടെ ലക്ഷണവുമാകാം എക്കിള്‍. ഉത്കണ്ഠയും സമ്മര്‍ദ്ദവും എക്കിളിന് കാരണമാകാറുണ്ട്. എക്കിള്‍ നിരന്തരമായി ശല്യം ചെയ്യുകയോ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ നില്‍ക്കുകയോ, ഭക്ഷണം കഴിക്കാനോ, സംസാരിക്കാനോ, ഉറങ്ങാനോ സാധിക്കാതെ വരികയോ, എക്കിളിനെ തുടർന്ന് നെഞ്ച് വേദന, പനി, ഛര്‍ദ്ദി തുടങ്ങിയ മറ്റു ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയോ ചെയ്‌താൽ ഡോക്ടറെ കാണണം.
എക്കിൾ ഒഴിവാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ
തണുത്ത വെള്ളം പതിയെ സിപ് ചെയ്‌ത് കുടിച്ചും കുലുക്കുഴിഞ്ഞും എക്കിള്‍ ഒഴിവാക്കാം. ശ്വാസം കുറച്ച് നേരം പിടിച്ചു വച്ചിട്ട് പതിയെ പുറത്തേക്ക് വിടുന്നതും എക്കിള്‍ മാറാന്‍ സഹായിക്കും. മൂക്കിലും ഡയഫ്രത്തിലും നാക്കിലും ചെറിയ സമ്മര്‍ദ്ദം ചെലുത്തിയും എക്കിള്‍ ഒഴിവാക്കാം. ഒരു പേപ്പര്‍ ബാഗെടുത്ത് അതിനുള്ളിലേക്ക് ശ്വാസം നിറയ്‌ക്കുന്നതും എക്കിൾ മാറാൻ സഹായിക്കും. തൊണ്ടയില്‍ മൃദുവായി തൊടുന്നതും കണ്ണുകള്‍ തിരുമുന്നതും എക്കിള്‍ നില്‍ക്കാന്‍ സഹായിക്കാം.









