സുരക്ഷിതമായ നിക്ഷേപ പദ്ധതികൾ തേടുന്നവർക്ക് പോസ്റ്റ് ഓഫീസ് മികച്ചൊരു ഇടമാണ്. സാധാരണക്കാർക്ക് വളരെ ചെറിയ തുകകൾ നിക്ഷേപിച്ച് നല്ലൊരു തുക സമ്പാദിക്കാനും സാമ്പത്തിക സുരക്ഷിതത്വം നേടാനും പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമുകൾ സഹായിക്കും. പോസ്റ്റ് ഓഫീസിന്റെ വളരെ ജനപ്രിയവും അപകടരഹിതവുമായ നിക്ഷേപ ഓപ്ഷനാണ് പോസ്‌റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് (ആർഡി). ഇതുവഴി എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിച്ചു കൊണ്ട് വലിയ തുക സമ്പാദിക്കാനാകും.
എന്താണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ്?
നിക്ഷേപകർക്ക് ഒന്നു മുതൽ 5 വർഷം വരെ നിശ്ചിത കാലയളവിലേക്ക് പ്രതിമാസം നിക്ഷേപം നടത്താൻ സാധിക്കുന്ന സേവിങ്സ് സ്കീം ആണിത്. സാധാരണക്കാർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ്. എല്ലാ മാസവും നിക്ഷേപകനു ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഈ തുക പലിശയ്ക്കൊപ്പം വളരുന്നു. കാലാവധി പൂർത്തിയാകുമ്പോൾ നല്ലൊരു തുക കയ്യിൽ കിട്ടും.
സേവിങ്സ് അക്കൗണ്ട് വഴി ഏത് പോസ്റ്റോഫീസിലും ആർഡി അക്കൗണ്ട് തുടങ്ങാം. ഇത് ഓഫ്‌ലൈനായും ഓൺലൈനായും ആരംഭിക്കാനാവും. ആധാർ, പാൻ കാർഡ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ആർഡി അക്കൗണ്ട് തുറക്കുമ്പോൾ സമർപ്പിക്കണം. പോസ്റ്റ് ഓഫീസ് ആർഡിയുടെ കാലാവധി 5 വർഷമാണ്. ആവശ്യമെങ്കിൽ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടാൻ കഴിയും. എല്ലാ തവണയും നിക്ഷേപം മുടങ്ങാതെ അടയ്ക്കണം. മുടങ്ങിയാൽ പിഴ അടയ്ക്കേണ്ടി വരും.
ആർക്കൊക്കെ ആർഡി അക്കൗണ്ട് തുറക്കാൻ കഴിയും?
ഏതൊരു ഇന്ത്യൻ പൗരനും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ളവർക്ക് അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. 10 വയസിൽ താഴെയുള്ളവർക്ക് മാതാപിതാക്കളുടെ പേരിൽ അക്കൗണ്ട് തുറക്കാം.
ആർഡിയിൽ എത്ര തുകവരെ നിക്ഷേപിക്കാം?
പോസ്റ്റ് ഓഫീസ് ആർഡിയിലെ പ്രതിമാസ നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്, പരമാവധി തുക എത്ര വേണമെങ്കിലും ആവാം.
ആർഡി പലിശ നിരക്ക്
നിലവിൽ ആർഡിയുടെ പ്രതിവർഷ പലിശനിരക്ക് 6.7% ആണ്. സാധാരണയായി പലിശ ഓരോ മൂന്നു മാസം കൂടുമ്പോഴും പരിഷ്കരിക്കാറുണ്ട്.
പോസ്റ്റ് ഓഫീസ് ആർഡിയുടെ പ്രത്യേകത
സുരക്ഷിത നിക്ഷേപമാണിത്. ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെന്റി പിന്തുണയുണ്ട്, അതിനാൽ തന്നെ ഈ നിക്ഷേപം അപകടരഹിതവും സുരക്ഷിതവുമാണ്. നിക്ഷേപകർക്ക് പ്രതിമാസം 100 രൂപ മുതൽ ആരംഭിക്കാം. ഒരാളുടെ സാമ്പത്തിക നിലയ്ക്കു അനുസരിച്ച് നിക്ഷേപ തുക കൂട്ടുകയുമാവാം. നിക്ഷേപകർക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാം. കുട്ടികളുടെ പേരിലും അക്കൗണ്ട് തുറക്കാം.
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ എത്ര കിട്ടും?
അഞ്ച് വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ പലിശ അടക്കം കാലാവധി അവസാനിക്കുമ്പോൾ 7,13,659 രൂപ കിട്ടും. അതായത്, നിങ്ങളുടെ മൊത്തം നിക്ഷേപ തുക 6 ലക്ഷം രൂപയാണ്. പലിശയായി കിട്ടുന്നത് 1,13,659 രൂപയാണ്. പ്രതിമാസം 10,000 രൂപ കൊടുക്കാൻ കഴിയാത്തവർക്ക് ദിവസം 333 രൂപ മാറ്റിവച്ച് ഈ സ്കീമിൽ അംഗമാകാൻ സാധിക്കും.