സ്കൂൾ പരിസരത്ത് പൊലീസിന്റെ പ്രത്യേക പരിശോധന; ഓപ്പറേഷൻ ലാസ്റ്റ്ബെല്ലിൽ പിടിച്ചെടുത്തത് ഇരുന്നൂറിലധികം വാഹനങ്ങൾ

സ്‌കൂള്‍ പരിസരങ്ങളിൽ കുട്ടികൾ അനധികൃതമായി വാഹന ഉപയോഗിക്കുന്നതും, സ്കൂൾ പരിസരത്തെ ലഹരി ഉപയോഗം എന്നിവ തടയുന്നതിനായി ഓപ്പറേഷന്‍ ലാസ്റ്റ് ബെല്‍ എന്ന പേരില്‍ പ്രത്യേക പരിശോധനയുമായി ജില്ലാ പോലീസ് രംഗത്ത്. സ്‌കൂള്‍ വിട്ടതിന് ശേഷം വിദ്യാര്‍ഥികള്‍ ബസ്സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വഴക്കും കയ്യാങ്കളിയും ഉണ്ടാക്കുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക പരിശോധന തുടങ്ങിയത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ഓടിച്ച 20-ഓളം ഇരുചക്രവാഹനങ്ങള്‍ പിടികൂടി. അരിമ്പ്ര, കുഴിമണ്ണ, ചുള്ളിക്കോട്, മുതുവല്ലൂര്‍, കൊട്ടപ്പുറം, മേലങ്ങാടി, തടത്തില്‍പറമ്പ് എന്നീ സ്ഥലങ്ങളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ പരിസരം കേന്ദ്രീകരിച്ചാണ് പൊലീസിന്റെ മിന്നൽ പരിശോധന നടന്നത്.

പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിക്ക് കൈമാറും കുട്ടികള്‍ ഓടിച്ച വാഹനത്തിന്റെ ഉടമസ്ഥനോ കുട്ടികളുടെ രക്ഷിതാക്കൾക്കോ എതിരെ നിയമനടപടികള്‍ സ്വീരിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍ വ്യക്തമാക്കി. വരുംദിവസങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധനകള്‍ തുടരും. അരീക്കോട്ട് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച 26 ഇരുചക്ര വാഹനങ്ങളാണ് പിടികൂടിയത്.
കാമ്പസുകള്‍ക്കകത്തും പുറത്തും വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പതിവായ സാഹചര്യത്തില്‍ അവ നിരീക്ഷിക്കാനായി മഫ്തിയില്‍ പോലീസിനെ നിയമിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ബൈക്കുകളിലെത്തി റീല്‍ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ഇതിനെത്തുടര്‍ന്ന് ചേരിതിരിഞ്ഞ് അടിപിടി നടക്കുന്നതുമെല്ലാം പതിവായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പലപ്പോഴും നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഓപ്പറേഷൻ ലാസ്റ്റ് ബെൽ തുടങ്ങിയത്. പിടിച്ചെടുത്ത വാഹനങ്ങളുടെ ആര്‍സി ഉടമകളെ വിളിച്ചുവരുത്തി നിയമനടപടികള്‍ സ്വീകരിക്കാനാണ് നീക്കം. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 50 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ 36 കേസുകളും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് രക്ഷിതാക്കള്‍ക്ക് എതിരേയാണ്.

വിവിധ സ്റ്റേഷനുകളിലായി 200 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഹൈസ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളാണ് പരിശോധനയില്‍ പോലീസിന്റെ പിടിയിലായത്. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓടിച്ചതിനുമായി 14 വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *