ന്യൂഡൽഹി: ഇന്ത്യയുടെ തെക്കേഅറ്റത്തുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു വടക്കേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പോഷകാഹാരക്കുറവ് കണ്ടെത്തി. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 63 ജില്ലകളിലായി അംഗൻവാടികളിൽ ചേരുന്ന കുട്ടികളിൽ 50 ശതമാനത്തിലധികം പേരും പോഷകാഹാരക്കുറവുള്ളവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിൽ 34 ജില്ലകൾ ഉത്തർപ്രദേശിൽ നിന്നുള്ളതാണ്.
കുട്ടികളെ കടലാസിൽ ആരോഗ്യവാന്മാരായി കാണിക്കുന്നു, അതേസമയം സത്യാവസ്ഥ ഇതിന് തികച്ചും വിപരീതമാണ്. വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ 2025 ജൂണിലെ ന്യൂട്രീഷൻ ട്രാക്കർ പ്രകാരം, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിലെ ചില ജില്ലകളാണ് പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിരിക്കുന്നത്.
പാർലമെന്റിൽ അവതരിപ്പിച്ച രേഖകളുടെ വിശകലനത്തിൽ നിന്നാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. കുട്ടികൾക്കും ഗർഭിണികൾക്കും ശരിയായ സമയത്ത് ശരിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അതുവഴി പോഷകാഹാരക്കുറവ് തടയുന്നതിനും അവരുടെ പോഷകാഹാരത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും രേഖപ്പെടുത്താനും നിരീക്ഷിക്കാനും ഉപയോഗിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ് ന്യൂട്രീഷൻ ട്രാക്കർ.മധ്യപ്രദേശ്, ഛത്തീസ്ഗഡ്, നാഗാലാൻഡ് എന്നീ ജില്ലകളിലാണ് പോഷകാഹാരക്കുറവ് മൂലം കുട്ടികളിൽ ഗുരതരമായ പ്രശ്നങ്ങളുള്ളത്.
2025-ൽ മധ്യപ്രദേശിലെ പോഷകാഹാര വിതരണത്തിൽ 858 കോടി രൂപയുടെ അഴിമതി നടന്നതായി സിഎജി റിപ്പോർട്ട് ഉണ്ട്. വിതരണത്തിലും ഗതാഗതത്തിലും ക്രമക്കേടുകൾ, മോശം ഗുണനിലവാരം, അഴിമതി എന്നിവ ഉണ്ടായിരുന്നിട്ടും, കുറ്റവാളികൾക്കെതിരെ ഇതുവരെ കർശന നടപടി സ്വീകരിച്ചിട്ടില്ല. 66 ലക്ഷം കുട്ടികളിൽ 10 ലക്ഷം പേർ പോഷകാഹാരക്കുറവുള്ളവരാണ്, 1.36 ലക്ഷം പേർ ഗുരുതരമായി ദുരിതമനുഭവിക്കുന്നു. സംസ്ഥാനത്ത് നവജാത ശിശുക്കൾ മുതൽ 6 വയസ്സ് വരെ പ്രായമുള്ള ഏകദേശം 66 ലക്ഷം കുട്ടികളുണ്ടെന്നും അതിൽ 10 ലക്ഷത്തിലധികം പേർ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒരു ലക്ഷത്തി മുപ്പത്തി ആറായിരത്തിലധികം കുട്ടികൾ ഗുരുതരമായ പോഷകാഹാരക്കുറവുള്ളവരാണ്.
ഇതോടൊപ്പം, 57 ശതമാനം സ്ത്രീകളും വിളർച്ച അനുഭവിക്കുന്നു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ശരിയായ പോഷകാഹാരം ലഭിക്കുന്നില്ല. അംഗൻവാടി കേന്ദ്രങ്ങളിലെ അഴിമതിയും ഉയർന്നുവന്നു. സംസ്ഥാനത്തുടനീളമുള്ള അംഗൻവാടി കേന്ദ്രങ്ങളിൽ വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ചു. ജബൽപൂരിൽ മാത്രം അങ്കണവാടി കേന്ദ്രങ്ങൾക്ക് 1.80 കോടി രൂപ വാടക നൽകി, അതേസമയം കുട്ടികളുടെ ഹാജർ വളരെ കുറവാണെന്ന് കണ്ടെത്തി. ഓരോ കേന്ദ്രത്തിലും 40 മുതൽ 50 വരെ കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ വാസ്തവത്തിൽ ഹാജർ നാമമാത്രമാണ്. എന്നിട്ടും ഉച്ചഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ആ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നൽകുന്നത്. രേവ ജില്ലയിൽ പോഷകാഹാരം തയ്യാറാക്കുമ്പോൾ അത് ചവിട്ടിമെതിക്കുന്ന വീഡിയോ വൈറലായതായത്തോടെ കേസ് കോടതിയിലെത്തിയിരുന്നു
ഉത്തർപ്രദേശിലെ 34 ജില്ലകളിൽ കുട്ടികളിൽ 50% ൽ കൂടുതൽ പോഷകാഹാരക്കുറവ് കണ്ടെത്തി. തൊട്ടുപിന്നാലെ മധ്യപ്രദേശ്, ജാർഖണ്ഡ്, ബീഹാർ, അസം എന്നിവയുണ്ട്. കുട്ടികൾക്ക് ദീർഘകാലത്തേക്ക് മതിയായ പോഷകാഹാരം ലഭിക്കാത്തപ്പോഴാണ് ഈ തരത്തിലുള്ള പോഷകാഹാരക്കുറവ് സംഭവിക്കുന്നത്. വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ജനിച്ച ദിവസം മുതൽ 6 വയസ്സ് വരെ പ്രായമുള്ള 8.19 കോടി കുട്ടികളിൽ 35.91% കുട്ടികളും പോഷകാഹാരക്കുറവുള്ളവരും 16.5% കുട്ടികളും ഭാരക്കുറവുള്ളവരുമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ പോഷകാഹാരക്കുറവിന്റെ നിരക്ക് ഇതിലും കൂടുതലാണ്, അതായത് 37.07%.
മധ്യപ്രദേശിലെ ധാർ (17.15%), ഛത്തീസ്ഗഡിലെ ബിജാപൂർ (15.20%), നാഗാലാൻഡിലെ മൗൺ (15-10%) എന്നിവിടങ്ങളിൽ പോഷകാഹാരക്കുറവ് രൂക്ഷമായി. മധ്യപ്രദേശിലെ ശിവപുരി (58.20%), ഖാർഗോൺ (55.02%), ഗുണ (52.86%) തുടങ്ങിയ ജില്ലകളിൽ 50% ൽ കൂടുതൽ പോഷകാഹാരക്കുറവ് ഉണ്ട്. അസമിലെ കാച്ചർ (54.11%), ദരാങ് (51.65%), സൗത്ത് ഷാൽമര-മങ്കാച്ചർ (52.67%) എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. അരുണാചൽ പ്രദേശിലെ തിരാപ്പ് (52.74%), അപ്പർ സുബൻസിരി (52.10%) എന്നിവയും ബാധിത ജില്ലകളിൽ ഉൾപ്പെടുന്നു.
കേന്ദ്രഭരണ പ്രദേശങ്ങളിൽ പുതുച്ചേരിയിലാണ് (57.38%) ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവ് ഉള്ളത്. കർണാടകയിലെ റായ്ച്ചൂർ (52.76%), ബാഗൽകോട്ട് (51.61%), രാജസ്ഥാനിലെ സലംബർ (52.95%), ഗുജറാത്തിലെ നർമ്മദ (50.71%) എന്നിവയും ഉയർന്ന പോഷകാഹാരക്കുറവുള്ള ജില്ലകളാണ്.