ഒരു സിടി സ്‌കാന്‍ ഫലം ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചു! ബുദ്ധന്റെ പ്രതിമയ്ക്കുള്ളില്‍ മമ്മിഫൈ ചെയ്ത സന്യാസിയുടെ ശരീരാവശിഷ്ടങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബുദ്ധപ്രതിമയുടെ പഴക്കമോ 1000 വര്‍ഷം! തുടര്‍ന്ന്, ഗവേഷകരും ചരിത്രകാരന്മാരും വിശദമായ പഠനം ആരംഭിച്ചു. എന്തിനായിരിക്കാം ബുദ്ധപ്രതിമയ്ക്കുള്ളില്‍ സന്യാസിയുടെ ശരീരം മമ്മിഫൈ ചെയ്തത്? എന്തുതരം അനുഷ്ടാനമായിരിക്കാം അത്? ആരായിരിക്കാം ഈ ബുദ്ധസന്യാസി? ഗവേഷകരുടെ മുന്നിലൂടെ ചോദ്യങ്ങളുടെ വന്‍തിരകള്‍തന്നെ ഉയര്‍ന്നുവന്നു. അവര്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു.
കാലപ്പഴക്കംകൊണ്ടു സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാനാണ് നെതര്‍ലന്‍ഡ്സിലെ മ്യൂസിയത്തിലേക്ക് ചൈനയുടെ കൈവശമുണ്ടായിരുന്ന ബുദ്ധപ്രതിമ എത്തിക്കുന്നത്. കേടുപാടുകള്‍ പരിഹരിക്കുന്നതിനിടെ പ്രതിമയുടെ സിടി സ്‌കാന്‍ എടുത്തപ്പോഴാണ് സന്യാസിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന്, ബന്ധപ്പെട്ട വിഭാഗങ്ങളില്‍പ്പെട്ട വിദഗ്ധസംഘം വിശദമായ പരിശോധനകളും പഠനങ്ങളും ആരംഭിച്ചു. ജര്‍മന്‍ മമ്മി പ്രോജക്ടിന്റെ ഭാഗമായിരുന്നു സിടി സ്‌കാന്‍ പഠനവും മറ്റും.
സന്യാസിയുടെ ശരീരത്തില്‍നിന്ന് ആന്തരീകാവയവങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു. പകരം കടലാസുകള്‍ നിറച്ചിരിക്കുന്നതാണ് കണ്ടത്. കടലാസില്‍ ചൈനീസ് ലിഖിതങ്ങള്‍ കാണാം! ലംഗ് ടിഷ്യു ആണെന്നാണ് ആദ്യം കരുതിയതെന്ന് ഗവേഷകര്‍ പറയുന്നു. പിന്നീടാണ് ചൈനീസ് ലിപികളില്‍ എഴുതിയ കടലാസുകളാണിതെന്ന് മനസിലാകുന്നതെന്നും ഗവേഷകര്‍. ഇതിനെക്കുറിച്ചുള്ള പഠനങ്ങളും നടക്കുന്നു.
ചൈനീസ് മെഡിറ്റേഷന്‍ സ്‌കൂളിലെ ലിയുക്വാന്‍ എന്ന ബുദ്ധസന്യാസിയുടേതാണ് ശരീരാവശിഷ്ടങ്ങളെന്ന് ഗവേഷകര്‍ കണ്ടെത്തി. എഡി 1100-ലാണ് ലിയുക്വാന്‍ അന്തരിച്ചതെന്നും ഗവേഷകര്‍ പറയുന്നു. അന്തരിക്കുമ്പോള്‍ 30-50നുമിടയിലായിരിക്കാം പ്രായം. എന്തിനായിരിക്കാം ബുദ്ധപ്രതിമയ്ക്കകത്ത് സന്യാസിയുടെ ശരീരം മമ്മിഫൈ ചെയ്തുവച്ചതെന്ന് ഗവേഷകര്‍ അന്വേഷിച്ചു. ആരും അമ്പരക്കുന്ന കാര്യങ്ങളാണ് ആചാരാനുഷ്ഠാനങ്ങളുടെ വിവരങ്ങളാണ് അതില്‍നിന്നു ലഭിച്ചത്.
അപൂര്‍വം സന്യാസിമാര്‍ മാത്രം അനുഷ്ഠിക്കുന്ന തീവ്ര ആചാരങ്ങള്‍! ബുദ്ധനായിത്തീരുകയാണ് ലക്ഷ്യം. സ്വയം മമ്മിഫൈ ചെയ്യുക എന്നതൊരു തുടര്‍പ്രക്രിയയാണ്. ബുദ്ധനായിമാറാന്‍ ആഗ്രഹിക്കുന്ന സന്യാസിശ്രേഷ്ഠന്‍ ആദ്യ 1000 ദിവസം ധാന്യങ്ങളും ചെറുപഴങ്ങളും മാത്രമാണു കഴിക്കുക. മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം വര്‍ജിക്കും. അടുത്ത 1000 ദിവസം മരത്തൊലിയും വേരുകളും മാത്രമാണു കഴിക്കുക. ഇത്, ഉരുഷി മരത്തില്‍നിന്നുണ്ടാക്കുന്ന വിഷാംശമുള്ള ചായ മാത്രം കുടിച്ചുതുടങ്ങുന്നതിനുമുമ്പുവരെയായിരിക്കും. ഈ ശീലം ആരംഭിച്ചാല്‍ ഛര്‍ദ്ദി തുടങ്ങും. തുടര്‍ന്ന് ചില പ്രത്യേക ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സന്യാസിയുടെ ശരീരം മരണശേഷം നശിച്ചുപോകാത്ത തലത്തിലേക്കു പാകപ്പെടും.
ഈ പ്രക്രിയ ആറു വര്‍ഷമെടുക്കും. ആറു വര്‍ഷത്തിനുശേഷം സന്യാസി അറയ്ക്കുള്ളിലിരിക്കും. പത്മാസനത്തില്‍ ധ്യാനത്തിലായിരിക്കും തുടര്‍ന്നുള്ള കാലം സന്യാസി. അറയിലേക്ക് വായുകടക്കാന്‍ ചെറിയൊരു ദ്വാരം ഉണ്ടായിരിക്കും. ഒരു മണിയും ഘടിപ്പിച്ചിട്ടുണ്ടാകും. മരണം വരെ പത്മാസനത്തില്‍ സന്യാസി ധ്യാനത്തിലായിരിക്കും. വല്ലപ്പോഴുമുള്ള മണിയൊച്ച നിലച്ചാല്‍ സന്യാസി അന്തരിച്ചുവെന്നര്‍ഥം. മരിച്ചുവെന്ന് ഉറപ്പായാല്‍ മമ്മിഫൈ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഇക്കാര്യങ്ങളിലൊക്കെ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. 900-1000 വര്‍ഷത്തിനിടയിലാണ് ഇതിന്റെ കാലപ്പഴക്കമെന്നും ജര്‍മന്‍ മമ്മി പ്രോജക്ടിന്റെ മേധാവി വില്‍ഫ്രീഡ് റോസന്‍ഡാല്‍ പറഞ്ഞു. പ്രതിമ ഇപ്പോള്‍ ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപേസ്റ്റിലെ നാചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലാണുള്ളത്