വിഷ്ണു മഞ്ചു നായകനായ “കണ്ണപ്പ’ നിറഞ്ഞസദസിൽ പ്രദർശനം തുടരുകയാണ്. ഒരിടവേളയ്ക്കു ശേഷം മോഹൻലാൽ അഭിനയിച്ച തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും കണ്ണപ്പയ്ക്കുണ്ട്. “കിരാത’ എന്ന കഥാപാത്രമായാണ് മോഹൻലാൽ വെള്ളിത്തിരയിൽ എത്തുന്നത്. പ്രതിഫലമൊന്നും വാങ്ങാതെയാണ് ചിത്രത്തിന്റെ ഭാഗമായതെന്ന് പ്രിയനടൻ പറഞ്ഞിരുന്നു. കണ്ണപ്പയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മോഹൻലാൽ. കണ്ണപ്പയുടെ പ്രൊമോഷനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്:
“കണ്ണപ്പയുടെ ഭാഗമാവാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു. ചിത്രത്തിലേക്കു തന്നെ ക്ഷണിച്ചതിന് നടൻ വിഷ്ണു മഞ്ചുവിനോടു നന്ദിയുണ്ട്. അഭിനേതാവെന്ന നിലയിൽ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. കഥാപാത്രത്തിന്റെ ദൈര്‍ഘ്യത്തിനല്ല, ഇത്രയും വലിയ ചിത്രത്തിന്റെ ഭാഗമാവുന്നതിലാണു കാര്യം. വിഷ്ണു മഞ്ചുവിന്റെ കുടുംബവുമായി ഏറെക്കാലത്തെ പരിചയമുണ്ട്. അതുകൊണ്ടു കഥ പറഞ്ഞപ്പോൾതന്നെ സമ്മതം മൂളി. ഇത്രയും വലിയ പ്രൊജക്ടിൽ അഭിനയിക്കാമോ എന്നു ചോദിക്കുമ്പോൾ എങ്ങനെ പറ്റില്ലെന്നു പറയും…’- മോഹൻലാൽ പറഞ്ഞു.
ഇതിനിടെ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായ “കാലാപാനി’യിലെ അഭിനയത്തെക്കുറിച്ചു താരം പറഞ്ഞ വാക്കുകളും ആരാധകർ ഏറ്റെടുത്തു. മിര്‍സാ ഖാന് (അമരീഷ് പുരി) എന്ന കഥാപാത്രത്തിന്റെ ഷൂ നാവുകൊണ്ട് വൃത്തിയാക്കുന്ന സീനില്‍ അഭിനയിച്ചതിനെക്കുറിച്ച് നടൻ വിഷ്ണു മഞ്ചുവിന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടിയാണ് വൈറലായത്. “ആ സമയത്ത് അത് അഭിനയിക്കുകയല്ലാതെ മറ്റൊരു ചോയ്സ് ഇല്ല. അത് ആ കഥാപാത്രത്തിന്റെ അവസ്ഥയാണ് അതു ചെയ്തേ പറ്റൂ. കഥാപാത്രവും സാഹചര്യവും ആവശ്യപ്പെടുകയാണെങ്കില് അതു ചെയ്തേ പറ്റൂ…’- മോഹൻലാൽ പറഞ്ഞു.