കൊച്ചി: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതഘാതമേറ്റ് മരിച്ച മിഥുൻറെ സംസ്കാരം ഇന്ന് വൈകിട്ട്. അമ്മ സുജ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഭൗതിക ശരീരം വിലപയാത്രയോടെ സ്കൂളിലേക്ക് എത്തിക്കും. മഴയെ അവഗണിച്ചും മിഥുനെ കാണാൻ സഹപാഠികളും അധ്യാപകരുടേയും നാട്ടുകാരും ഓടിയെത്തി. ഇന്ന് വൈകുന്നേരമാണ് മിഥുൻറെ സംസ്കാരം.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും രാവിലെ പത്തിന് മൃതദേഹം സ്കൂളിൽ എത്തിക്കും. 12 വരെ സ്കൂളില്‍ പൊതുദർശനം. സഹപാഠികളും അധ്യാപകരും നാട്ടുകാരും ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിലാണ് സംസ്കാരം. വിമാനത്താവളത്തിലെത്തിയ അമ്മ സുജയെ കാത്ത് ഇളയമകനും ബന്ധുക്കളും ചേർന്ന് വീട്ടിലേക്ക് കൊണ്ടുവരും.
തുർക്കിയിൽ നിന്നുമാണ് സുജ നെടുമ്പാശേരിയിലെത്തിയത്. അതേസമയം തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തെന്നും മന്ത്രി പ്രതികരിച്ചു. കുറ്റം ചെയ്തവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും. മരണവീട്ടിൽ പോകുന്ന മന്ത്രിമാരുടെ വാഹനത്തിന് മുന്നിലാണ് കരിങ്കൊടിയുമായി ആത്മഹത്യാ സ്ക്വാഡുപോലെ ചിലർ എടുത്തുചാടുന്നതെന്ന് മന്ത്രി വിമർശിച്ചു. ഇത് നല്ല രീതിയല്ല. മറ്റൊരു രക്തസാക്ഷിയെക്കൂടി സൃഷ്ടിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.