നാടകീയമായ വഴിത്തിരിവുകളൊന്നുമില്ലാതെ, ഗില്ലെർമോ ഡെൽ ടോറോയുടെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന സിനിമ ഒടുവിൽ വെള്ളിത്തിരയിലെത്തുകയാണ്. പാടിപ്പഴകിയ കഥകളിലെ രാക്ഷസന്മാരെ അഭ്രപാളികളിൽ വിജയിപ്പിക്കുന്നതിൽ മിടുക്കനായ ഓസ്കാർ ജേതാവുകൂടിയായ സംവിധായകൻ തന്റെ രാക്ഷസനെ എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.
പലരിലൂടെ കടന്നു വന്നു അവസാനം ഫ്രാങ്കൻസ്റ്റൈൻ ആയി ജേക്കബ് എലോർഡിയെ കാസ്റ്റ് ചെയ്തപ്പോൾ സിനിമ ആസ്വാദകർ കൂടുതൽ മുൾമുനയിലായി. എലോർഡിയുടെ രാക്ഷസൻ ആർദ്രതനും ഒപ്പം ഭയങ്കരനുമായിരിക്കും എന്നാണ് മുൻവിധി.
2023 ലെ ഹോളിവുഡ് സ്ട്രൈക്കുകളെത്തുടർന്ന് ഷെഡ്യൂളിംഗ് തർക്കങ്ങൾ കാരണം മുൻ താരം ആൻഡ്രൂ ഗാർഫീൽഡ് സിനിമയിൽ നിന്ന് പിന്മാറിയതിന് ശേഷം, ഫ്രാങ്കൻസ്റ്റൈന്റെ രാക്ഷസന്റെ രൂപത്തിനായി കുറെ ശ്രമിച്ചു എന്ന് ഡെൽ ടോറോ വെളിപ്പെടുത്തി. എന്നാൽ തന്റെ രാക്ഷസ ജീവിക്ക് ഏറ്റവും അനുയോജ്യമായ നടൻ ജേക്കബ് ആണെന്നാണ് ഡെൽ ടോറോയുടെ അഭിപ്രായം.

ആറടി അഞ്ചിഞ്ച് ഉയരമുള്ള എലോർഡിയ്ക്ക് വേഷപ്പകർച്ചയ്ക്കു അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. മേരി ഷെല്ലിയുടെ 1818 – ലെ നോവലിനെ അടിസ്ഥാനമാക്കി ഗില്ലെർമോ ഡെൽ ടോറോ എഴുതി സംവിധാനം ചെയ്ത ഒരു അമേരിക്കൻ ഗോതിക് സയൻസ് ഫിക്ഷൻ ചിത്രമാണ് ഫ്രാങ്കൻസ്റ്റൈൻ ; ഓർ, ദി മോഡേൺ പ്രോമിത്യൂസ്.
ഓസ്‌കാർ ഐസക് , ജേക്കബ് എലോർഡി , മിയ ഗോത്ത് , ഫെലിക്സ് കമ്മറർ , ലാർസ് മിക്കൽസൺ , ഡേവിഡ് ബ്രാഡ്‌ലി , ചാൾസ് ഡാൻസ് , ക്രിസ്റ്റോഫ് വാൾട്ട്സ് എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ, 82-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന മത്സരത്തിൽ നടക്കും. തുടർന്ന് 2025 നവംബറിൽ നെറ്റ്ഫ്ലിക്സിൽ ആഗോള റിലീസ് ചെയ്യും.
മിടുക്കനും എന്നാൽ അഹങ്കാരിയുമായ ഒരു ശാസ്ത്രജ്ഞൻ ഒരു പരീക്ഷണത്തിലൂടെ ഒരു ഭീകര ജീവിയെ സൃഷ്ടിക്കുന്നു. അത് ആത്യന്തികമായി സ്രഷ്ടാവിന്റെയും അവന്റെ ചെയ്തികളുടെയും നാശത്തിലേക്ക് നയിക്കുന്നു. നോവലിലെ ഫ്രാങ്കൻസ്റ്റൈനെക്കുറിച്ചുള്ള, എന്റെ മനസ്സിലെ ഏറ്റവും മികച്ച നിമിഷങ്ങൾ ഇതുവരെ ചിത്രീകരിച്ചിട്ടില്ല എന്നാണ് സംവിധായകൻ പറയുന്നത്.
