മുംബൈ: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ്ങിൽ നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങൾ. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ട്രാവിസ് ഹെഡിനെ വീഴ്ത്തി ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് അഭിഷേക് ടി20 റാങ്കിങ്ങിൽ മുന്നിലെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് അഭിഷേക്. നേരത്തെ മുൻ നായകൻ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ഒന്നാം റാങ്കിലെത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ഹെഡ് ചലനമില്ലാതെ സൂക്ഷിച്ച ഒന്നാം റാങ്കാണ് ഇപ്പോൾ അഭിഷേക് സ്വന്തമാക്കിയിരിക്കുന്നത്.
829 പോയിന്റുകളുമായാണ് അഭിഷേക് ഒന്നാം റാങ്കിലേക്ക് എത്തിയിരിക്കുന്നത്. 814 റേറ്റിംഗ് പോയിന്റുകളുള്ള ട്രാവിസ് ഹെഡ് രണ്ടാം സ്ഥാനത്തും 804 പോയിന്റുകളുള്ള തിലക് വർമ മൂന്നാം സ്ഥാനത്തുമുണ്ട്. വെടിക്കെട്ട് ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് ആറാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം ഒൻപതാം സ്ഥാനത്തുണ്ടായിരുന്ന യശസ്വി ജയ്സ്വാൾ രണ്ട് സ്ഥാനങ്ങൾ നഷ്ടപ്പെടുത്തി ആദ്യ പത്തിൽ നിന്നും പുറത്താക്കി. വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര നഷ്ടമായതാണ് ട്രാവിസ് ഹെഡിന് തിരിച്ചടിയായത്.
ബോളർമാരുടെ പട്ടികയിൽ സിംബാബ്‌വെ ഇന്റർനാഷണൽ ത്രിരാഷ്ട്ര പരമ്പരയിൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയ ന്യൂസിലൻഡിന്റെ ജേക്കബ് ഡഫി ഒന്നാം സ്ഥാനം നിലനിർത്തിയതോടെ, ടി20യിലെ മികച്ച ഏഴ് ബൗളർമാരുടെ പട്ടികയിൽ മാറ്റമില്ല. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ നഥാൻ എല്ലിസ് ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കയറി. മൂന്നാം സ്ഥാനത്തുള്ള വരുൺ ചക്രവർത്തിയാണ് ആദ്യ അഞ്ചിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരം. രവി ബിഷ്ണോയി ഏഴാം സ്ഥാനത്തും അർഷദീപ് സിംഗ് പത്താം സ്ഥാനത്തുമാണ്.
ഓൾറൗണ്ടർമാരിൽ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനം നിലനിർത്തി. നേപ്പാളിന്റെ ദിപേന്ദ്ര സിംഗ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയും ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി. ബാറ്റിംഗിൽ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശർമ ഓൾറൗണ്ടർമാരിൽ 13-ാം സ്ഥാനത്താണ്. പതിനൊന്നാം റാങ്കിംഗിൽ അക്സർ പട്ടേലും നിലയുറപ്പിച്ചിട്ടുണ്ട്.









