വയനാടിന്റെ ഭംഗി എത്ര കണ്ടാലും മതിവരില്ല. വയനാട്ടില്‍ എത്തുന്നവര്‍ മീന്‍മുട്ടി വെള്ളച്ചാട്ടവും പക്ഷിപാതാളവും കാണാന്‍ മറക്കരുത്. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കണം. എന്നെന്നെന്നും മറക്കാനാകാത്ത അനുഭവമായിരിക്കും മീന്‍മുട്ടിയും പക്ഷിപാതാളവും.
മീന്‍മുട്ടി വെള്ളച്ചാട്ടം
ഊട്ടിയും വയനാടും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ നിന്നു മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്കു നടക്കാം. ഏകദേശം രണ്ടു കിലോ മീറ്റര്‍ ദൂരം നടത്തമുണ്ട്. 300 മീറ്റര്‍ മുകളില്‍ നിന്നു മൂന്ന് ഘട്ടങ്ങളായി താഴേക്കു പതിക്കുന്ന മീന്‍മുട്ടി വയനാട്ടിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്.
വയനാടിന്റെ തെക്കു കിഴക്കന്‍ ഭാഗത്തുള്ള നീലിമല കയറ്റവും സാഹസികത നിറഞ്ഞതാണ്. കല്‍പ്പറ്റയില്‍ നിന്നോ സുല്‍ത്താന്‍ ബത്തേരി ഭാഗത്തു നിന്നോ നീലിമല കയറാം. മുകളില്‍ എത്തിയാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ ദൃശ്യം അവിസ്മരണീയമാണ്.
പക്ഷിപാതാളം
സമുദ്ര നിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തില്‍ ബ്രഹ്‌മഗിരി കുന്നുകള്‍ക്കിടയില്‍ കാടിനകത്താണ് പക്ഷിപാതാളം എന്നു പേരുള്ള ഗുഹകള്‍. വലിയ പാറക്കൂട്ടങ്ങളുള്ള മേഖലയാണിത്. ചില പാറകള്‍ വളരെ വലുതാണ്. ഈ മേഖലയിലുള്ള ഗുഹകള്‍ പലയിനം ചെറു ജീവികളുടെയും പക്ഷികളുടെയും വവ്വാലുകളുടെയും ആവാസകേന്ദ്രമാണ്. മാനന്തവാടിക്കടുത്താണ് പക്ഷിപാതാളം. കാട്ടിലൂടെ ഏഴു കിലോമീറ്റര്‍ സാഹസിക നടത്തത്തിന് ശേഷമേ ഇവിടെ എത്തൂ. തിരുനെല്ലിയില്‍ നിന്നാണു തുടക്കം. വടക്കന്‍ വയനാട് വനംവകുപ്പിന്റെ അനുമതി ഉണ്ടെങ്കിലേ അവിടേക്കു പ്രവേശിക്കാന്‍ കഴിയുകയുള്ളു. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം മുന്‍കൂട്ടി തീരുമാനമാക്കിയതിനുശേഷം ഇവിടേക്കു വരിക.