പിടിയിലായത് പഞ്ചാബ് സ്വദേശിയായ 26കാരൻ * 45ലേറെ വീഡിയോ പങ്കുവച്ചതായി കണ്ടെത്തൽ * മൊബൈൽ ഫോണിൽ നിരവധി അശ്ലീലദൃശ്യങ്ങൾ
ബംഗളൂരു: കർണാടകയിൽ സ്ത്രീകളുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ഗുർദീപ് സിംഗ് (26) ആണ് അറസ്റ്റിലായത്. പൊതുസ്ഥലത്തുവച്ച് സ്ത്രീകളെ പിന്തുടർന്ന് ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുകയായിരുന്നു യുവാവ്. കെആർ പുരത്തു താമസിക്കുന്ന ഗുർദീപ് കഴിഞ്ഞ ദിവസം കോറമംഗലയിൽനിന്നാണു പിടിയിലായത്. ഹോട്ടൽ മാനേജ്മെന്‍റ് ബിരുദധാരിയാണ് ഇയാൾ.
ചർച്ച് സ്ട്രീറ്റിലും കോറമംഗളയിലും സ്ത്രീകളെ പിന്തുടർന്ന് ശരീരഭാഗങ്ങൾ എടുത്തുകാണിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ പകർത്തുകയായിരുന്നു യുവാവ്. ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തന്റെ ദൃശ്യം പലയിടങ്ങളിലായി പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട കോളജ് വിദ്യാർഥിനി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലാത്. ഇയാൾ ഇത്തരത്തിലുള്ള 45ലേറെ വീഡിയോ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചതായി പോലീസ് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ, കംപ്യൂട്ടർ ഉൾപ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.