കോഴിക്കോട്: മലബാർ സിമൻ്റ് സിന്റെ ലീഗൽ ഓഫീസറും മാനേജിംഗ് ഡയറക്ടറും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മലബാർ സിമൻ്റ്സിൽ സിമൻറ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായ ഫ്ലൈ ആഷ് സപ്ലൈ ചെയ്യുന്നതിന് മലബാർ സിമൻറ്സും വുഡ് ആൻ്റ് മെറ്റൽ എന്ന സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതാണ് കേസ്.
കരാറിലെ വ്യവസ്ഥ പ്രകാരം 50 ലക്ഷം രൂപയുടെ കാനറാ ബാങ്ക് പാലക്കാട് ശാഖയുടെ ബാങ്ക് ഗ്യാരണ്ടി സ്വകാര്യ കമ്പനി മലബാർ സിമൻറ്സിന് നൽകിയിരുന്നു. മലബാർ സിമിൻ്റ്സ് കരാർ റദ്ദാക്കുന്ന സാഹചര്യത്തിൽ 3 മാസത്തെ നോട്ടീസ് നൽകിയ ശേഷം മാത്രമേ ബാങ്ക് ഗ്യാരണ്ടി പ്രകാരമുള്ള തുക സ്വകാര്യ കമ്പനിക്ക് ലഭ്യമാവുകയുള്ളൂ എന്ന കരാറിലെ വ്യവസ്ഥ ലംഘിച്ചതാണ് കേസിനാധാരം.
സ്വകാര്യ കമ്പനി ഏകപക്ഷീയമായി ഫ്ലൈ ആഷ് സപ്ലൈ ചെയ്യുന്നത് നിർത്തിയ ശേഷം ലീഗൽ ഓഫിസർ പ്രകാശ് ജോസഫും, മാനേജിംഗ് ഡയറക്ടർ സുന്ദരമൂർത്തിയും സ്വകാര്യ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ വി.എം. രാധാകൃഷ്ണനും, എക്സിക്യൂട്ടീവ് ഡയറക്ടർ വടിവേൽ എന്നിവരും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി ബാങ്ക് ഗ്യാരണ്ടി പ്രകാരമുള്ള തുക ബാങ്കിൽ നിന്നും അനധികൃതമായി കൈപ്പറ്റി എന്നതാണ് വിജിലൻസ് കേസ്.
കരാറിലെ കക്ഷികൾ തമ്മിൽ എന്തെങ്കിലും തർക്കം ഉണ്ടായാൽ തൂത്തുക്കുടിയിലെ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്ന് വ്യവസ്ഥ നിലനിൽക്കെ പാലക്കാട് മുൻസിഫ് കോടതിയിലും തുടർന്ന് പാലക്കാട് ജില്ലാ കോടതിയിലും കേസ് ഫയൽ ചെയ്തത് വഴി സ്വകാര്യ കമ്പനിക്ക് 50 ലക്ഷം രൂപ ബാങ്കിൽ നിന്ന് കൈപ്പറ്റുന്നതിന് സൗകര്യം ചെയ്തു കൊടുത്തു എന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. വിജിലൻസ് ഫയൽ ചെയ്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ ഓഫീസറും, മാനേജിംഗ് ഡയറക്ടറും ഫയൽ ചെയ്ത ഹർജി തള്ളി ജസ്റ്റീസ്. എ ബദറുദ്ദീൻ ഉത്തരവായി.
സീനിയർ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പാലക്കാട് കോടതിയിൽ കേസ് ഫയൽ ചെയ്തത് എന്ന ലീഗൽ ഓഫീസറുടെ വാദവും, യഥാസമയം സ്വകാര്യ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചു എന്ന മാനേജിംഗ് ഡയറക്ടറുടെ വാദവും കോടതി നിരാകരിച്ചു. 3 മാസം കൊണ്ട് വിചാരണ നടപടി പൂർത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസിനു വേണ്ടി സ്പെഷ്യൽ ഗവ.പ്ലീഡർ( വിജിലൻസ്) എ.രാജേഷ്, സീനിയർ ഗവ. പ്ലീഡർ രേഖ. എസ് എന്നിവർ ഹാജരായി.