കൊച്ചി: നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ. കൊല്ലം സ്വദേശി അഡ്വക്കേറ്റ് സംഗീത് ലൂയിസാണ് അറസ്റ്റിലായത്. ബാലചന്ദ്രമേനോന്റെ പരാതിയിൽ കാക്കനാട് സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത്.
സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. കേസിലെ ഒന്നാം പ്രതി മീനു മുനീറിനെ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയടച്ചിരുന്നു. കേസിൽ രണ്ടാം പ്രതിയായിരുന്നു ഇയാൾ. ബാലചന്ദ്രമേനോനിൽ നിന്നും പണംതട്ടാൻ മീനുവും സംഗീതും ഗൂഢാലോചന നടത്തിയിരുന്നുവെന്നും കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
ബാലചന്ദ്രമേനോനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ മീനു മുനീർ രംഗത്തെത്തിയത്. ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും സംവിധായകനെ കരിവാരിത്തേക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് താന് നേരിട്ട അതിക്രമം എന്ന രീതിയിലായിരുന്നു മീനു മുനീർ വെളിപ്പെടുത്തൽ നടത്തിത്.
എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ ആസൂത്രിതമായി വ്യക്തിഹത്യ ചെയ്യുകയാണെന്നും കാട്ടി ബാലചന്ദ്രമേനോൻ പിന്നാലെ പൊലീസിനെ സമീപിച്ചു. ഈ കേസിലാണ് തുടർ നടപടിയുണ്ടായിരിക്കുന്നത്. കാപ്പ കേസിലെ പ്രതിയാണ് സംഗീത് ലൂയിസ്. തൃശൂർ അയ്യന്തോളിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.