കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിൽ സിപിഎമ്മിനും ഇടതുസർക്കാരിനുമേറ്റ ആഘാതത്തിൽനിന്നു കരകയറാൻ സിപിഎം. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരുടെ പ്രസ്താവനകൾ സർക്കാരിനെ വെട്ടിലാക്കിയെന്നാണ് വിലയിരുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും ജില്ലാ കമ്മിറ്റിയും മെഡിക്കല്‍ കോളജ് സംഭവം സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തിയിരുന്നു. എന്നാല്‍ മന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്നും മന്ത്രിമാര്‍ക്കെതിരേ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളെയും സമരങ്ങളെയും പ്രതിരോധിക്കാനും സിപിഎം സംസ്ഥാന നേതൃത്വം കോട്ടയം, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്കി.
ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ഇന്നലെ കോട്ടയത്ത് എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനുമെതിരേ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തി. യുഡിഎഫ് കാലത്തെ അപകടമരണങ്ങളില്‍ സഹായം നല്‍കിയില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മെഡിക്കല്‍ കോളജ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു അനില്‍കുമാറിന്റെ ആരോപണം. പത്തനംതിട്ടയില്‍ മഹിളാ അസോസിയേഷനാണ് വീണ ജോര്‍ജിനു പ്രതിരോധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷത്തിനും സമരങ്ങള്ക്കുമെതിരേയുള്ള പ്രതിരോധം മെഡിക്കല്‍ കോളജില്‍ നിന്നു തുടങ്ങാനാണ് സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് മെഡിക്കല്‍ കോളജിനു മുന്പില് ജനകീയ കൂട്ടായ്മ നടത്തും.
വൈകുന്നേരം അഞ്ചിന് മെഡിക്കല്‍ കോളജിനു മുന്പില് നടക്കുന്ന കൂട്ടായ്മ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് എംഎല്‍എമാര്‍, നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മെഡിക്കല്‍ കോളജിന്റെ സേവനം ഉപയോഗിക്കുന്ന രോഗികളെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നവരെയും സംഘടിപ്പിച്ച് പ്രതിരോധം തീര്‍ക്കുന്നതിനും സിപിഎം ശ്രമം തുടങ്ങി.
പ്രതിരോധത്തിനൊപ്പം മരിച്ച ബിന്ദുവിന്റെ വീടിനു സര്‍ക്കാര്‍ ചെലവില്‍ അറ്റകുറ്റപ്പണി, ഫണ്ട് പിരിവിലൂടെ പുതിയ വീട്, മകള്‍ നവമിയുടെ ചികിത്സ, വിദ്യാഭ്യാസം എന്നിവയിലൂടെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനാണു ശ്രമം.