ഭാരവാഹി പട്ടികയ്ക്ക് പിന്നാലെ ബി ജെ പിയിൽ പൊട്ടിത്തെറി; അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാൻ മുരളീധര പക്ഷം

തിരുവനന്തപുരം: സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി.. ജനറൽ സെക്രട്ടറി പദവിയിൽ നിന്നും സി കൃഷ്ണകുമാറിനേയും പി സുധീറിനെയും ഒഴിവാക്കിയതിൽ മുരളീധര പക്ഷത്തിന് കടുത്ത അതൃപ്തി.. എ.എൻ രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ കൃഷ്ണദാസ് പക്ഷത്തിനും അമർഷമുണ്ട്.. പുനസംഘടനയിലെ അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാൻ തയ്യാറെടുത്ത് മുരളീധരപക്ഷം..

മുരളീധര പക്ഷത്തെ പ്രധാനികളായ സി കൃഷ്ണകുമാറിനെയും പി സുധീറിനേയും വെട്ടിയതിലാണ് കടുത്ത അതൃപ്തി പുകയുന്നത്. ജനറൽ സെക്രട്ടറി പദവിയിൽ നിന്നും ഇരുവരെയും ഒഴിവാക്കിയതിൽ വി മുരളീധരന് കടുത്ത അമർഷമുണ്ട്. വിയോജിപ്പ് ഉടൻ ദേശീയ നേതൃത്വത്തെ അറിയിക്കാൻ തയ്യാറെടുക്കുകയാണ് ഒരു വിഭാഗം നേതാക്കൾ.

കൃഷ്ണകുമാറിനെയും സുധീറിനെയും ഒഴിവാക്കിയത് അനീതിയാണെന്ന പരാതിയാണ് പ്രധാനമായും മുരളീധപക്ഷം ഉന്നയിക്കുന്നത്. ഉപാധ്യക്ഷൻ മാരായ ഇരുവരെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്. വി മുരളീധരനും കെ സുരേന്ദ്രനും പുനഃസംഘടനയിൽ പരസ്യ അഭിപ്രായ പ്രകടനത്തിന് തയ്യാറായിട്ടില്ല.

അതേസമയം എ എൻ രാധാകൃഷ്ണനെഒഴിവാക്കിയതിൽ പി കെ കൃഷ്ണദാസിനും അമർഷമുണ്ട്. ഇന്നലെ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പി ആർ ശിവശങ്കരൻ രംഗത്തെത്തിയിരുന്നു. മീഡിയ പാനലിസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തിറങ്ങിയാണ് പ്രതിഷേധം അറിയിച്ചത്. അതേസമയം മുൻ ഉപാധ്യക്ഷന്മാരെ ദേശീയ സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങുന്നതിനിടെ ഇത്തരത്തിൽ എതിർപ്പുയരുന്നത് കനത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ ഈ സാഹചര്യത്തിൽ തർക്കം തീർക്കാൻ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായേക്കുമെന്നാണ് സൂചന..വിയോജിപ്പുകൾ ഉന്നയിക്കുന്നവരെ എത്രയും പെട്ടന്ന് അനുനയിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *