കൊച്ചി: ഓണ്‍ലൈൻ മദ്യവിൽപ്പനയിൽ ഇനി പ്രതികരിക്കേണ്ടെന്ന് ബെവ്ക്കോ എംഡിക്ക് സർക്കാരിന്റെ കർശന നിർദ്ദേശം.വാതിൽപ്പടി മദ്യവിതരണവുമായി ബെവ്കോ മുന്നോട്ട് പോകവെ എതിർപ്പ് അറിയിച്ച് മദ്യവിരുദ്ധ സമിതിയും വിവിധ മതസംഘടനകളും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിഷയത്തിൽ പ്രതിച്ഛായ രക്ഷിക്കാൻ സർക്കാർ നീക്കം. ബെവ്കോയുടെ ശുപാർശയിൽ തല്ക്കാലം ചർച്ച പോലും വേണ്ടെന്ന് സര്‍ക്കാരും തീരുമാനിച്ചു. ഇതോടെ ആപ്ലിക്കേഷൻ പുതുക്കലും സർക്കാരിന് മുന്നിലുള്ള ശുപാർശ വെക്കലുമെല്ലാം വെറുതെയാകും. ഓണ്‍ലൈൻ മദ്യവിൽപന നീക്കത്തിൽ സര്‍ക്കാരിനെ ഓര്‍ത്തഡോക്സ് സഭ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. കേരളത്തിലെ മദ്യാസക്തി കുറയ്ക്കുമെന്നും മദ്യവർജിത കേരളമാണ് ലക്ഷ്യമെന്നുമായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ നയം. എന്നാൽ ബാറുകൾക്ക് വഴിവിട്ട് ലൈസൻസ് നൽകുന്നത് അടക്കമുള്ള നടപടികൾക്ക് വിമർശനം നേരിടുന്നതിന് ഇടയിലാണ് പുതിയ നീക്കവുമായി ബെവ്കോ രംഗത്തെത്തിയതും.
മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് നിയന്ത്രണം വരുമെന്നതും അപകട സാധ്യത കുറയുമെന്നതും ഓൺലൈൻ ഡെലിവറിയിൽ പ്രധാനകാര്യമായി ബെവ്കോ മാനേജ്മെന്റ് കാണുന്നത്. 500 കോടി സർക്കാരിന് അധിക വരുമാനം ലഭിക്കുന്നതിനാൽ തന്നെ ബെവ്കോ പദ്ധതി സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ഇതിനെ തുടക്കത്തിലെ എതിർത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. എക്സൈസ് മന്ത്രി ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞിട്ടില്ല. വരുമാന വർദ്ധനക്കായുള്ള ബെവ്കോയുടെ ശുപാർശകളോട് സർക്കാരിന് എതിർപ്പില്ല. പക്ഷെ ഇപ്പോള്‍ നടപ്പാക്കി കൈപൊള്ളാനില്ലെന്നാണ് സർക്കാർ നയം.
ശുപാർശ പുറത്ത് വന്നപ്പോള്‍ തന്നെ എക്സൈസ് മന്ത്രി ഇത് ഇടത് സർക്കാർ നയമല്ലെന്ന് പറഞ്ഞ് തലയൂരി. അതിന് ശേഷവും ശുപാർശയെ കുറിച്ച് ബെവ്കോ എംഡി വിശദീകരിച്ചതിനാലാണ് സർക്കാരിന് അതൃപ്തി. വീടുകള്‍ മദ്യശാലകളായി മാറുമെന്നും, പ്രായപൂർത്തിയാകാത്തവർ ഓണ്‍ ലൈൻ വഴി മദ്യം വാങ്ങുമെന്ന ആക്ഷേപങ്ങളെ ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി തള്ളിയിരുന്നു. ഇതോടെ വീണ്ടും എക്സൈസ് മന്ത്രിക്ക് സർക്കാർ ഓണ്‍ലൈൻ കച്ചവടത്തിനില്ലെന്ന് വിശദീകരിക്കേണ്ടിവന്നു.
കേരളത്തിൽ 300ൽ താഴെ മദ്യശാലകളുള്ളപ്പോൾ കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിൽ 5000 വരെ മദ്യശാലകളുണ്ടെന്നാണ് കണക്ക്. എന്നാൽ കേരളത്തിൽ ഈ പ്രവണത തുടരുന്നത് സർക്കാരിന് തിരിച്ചടിയാകും. ഇനി ഓണ്‍ലൈൻ മദ്യവിൽപനയെക്കുറിച്ച് മിണ്ടേണ്ടെന്നാണ് ബെവ്കോ എംഡിക്ക് സര്‍ക്കാര്‍ നിർദ്ദേശം. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ വിവാദം നീട്ടിക്കൊണ്ടുപോകേണ്ടെന്നാണ് തീരുമാനം. ബാറുടമകളും ഓണ്‍ലൈൻ വിൽപനയെ എതിര്‍ക്കാനുള്ള സാധ്യതയുണ്ട്. ശുപാര്‍ശ എക്സൈസ് വകുപ്പ് തള്ളിയതോടെ വീര്യം കുറഞ്ഞ മദ്യത്തിൻെറ നികുതി ധനവകുപ്പ് നിശ്ചയിക്കുന്നതിൽ മാത്രമാണ് ഇനി ബെവ്കോയുടെ പ്രതീക്ഷ.