ഒത്താശ ചെയ്തത് ഉന്നത രാഷ്ട്രീയ ബന്ധം – ജയിൽ മോചനത്തിന് എത്തിയതും അതീവ രഹസ്യമായി
കാർത്തിക
ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ ശിക്ഷായിളവ് നൽകി ജയിലിൽ നിന്ന് മോചിപ്പിച്ചു. നിലവിൽ പരോളിലായിരുന്ന ഷെറിൻ അതീവ രഹസ്യമായാണ് കണ്ണൂരിലെ ജയിലിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഷെറിനെ കൂടാതെ മറ്റ് പത്ത് പേർക്ക് കൂടി ശിക്ഷായിളവ് അനുവദിച്ചിട്ടുണ്ട്.
ഭരണകക്ഷിയിലെ ചില പ്രമുഖരുടെ ഒത്താശയോടെയാണ് ഷെറിൻ ശിക്ഷായിളവ് നേടിയതെന്ന ആക്ഷേപം ശക്തമാണ്. മാധ്യമങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഇന്ന് ജയിലിലെത്താനും ഈ ബന്ധം സഹായകമായി എന്നാണ് വിലയിരുത്തുന്നത്. ഈ മാസം 24 നകം ജയിലിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്. പക്ഷേ ഇന്ന് കൊല്ലത്ത് നിന്നുള്ള വലിയ വാർത്തയ്ക്കിടെ ആരുമറിയാതെ കണ്ണൂരിലേക്ക് പുറപ്പെടാൻ നിർദേശം നൽകിയും ഒത്താശ ചെയ്തതും ഇതേ ബന്ധങ്ങളാണ്.
ഷെറിൽ ഉൾപ്പെടെ പതിനൊന്ന് പേരെ വിട്ടയക്കാനായിരുന്നു മന്ത്രിസഭായോഗ തീരുമാനം. ജയിലിലെ നല്ലനടപ്പ് കണക്കിലെടുത്താണ് ഷെറിന്റെ പേര് ശിക്ഷായിളവിന് പരിഗണിച്ചത് എന്നായിരുന്നു ന്യായീകരണം. എന്നാൽ ജയിലിൽ ഷെറിൻ അത്ര നല്ലനടപ്പിലായിരുന്നില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ജയിലിൽ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചു.. ചോദ്യം ചെയ്ത ജയിൽ അധികൃതരെ ഭീഷണിപ്പെടുത്തി തുടങ്ങി പരാതികൾ നേര്തതെയുണ്ട് .കൂടാതെ സഹ തടവുകാരിയായിരുന്ന നൈജീരിയൻ സ്വദേശിയെ മുഖത്തടിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന കേസുണ്ട്. കണ്ണൂർ ടൌൺ പൊലീസാണ് ഇതിൽ കേസെടുത്തത്. ശിക്ഷായിളവ് നൽകാൻ തീരുമാനിച്ചതിന് ശേഷമാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്.
സാധാരണ ഗതിയിൽ ശിക്ഷായിളവ് കാലത്ത് ഇത്തരത്തിലൊരു കേസ് വന്നാൽ ഇളവ് പ്രാബല്യത്തിൽ വരില്ല. ഷെറിന്റെ കാര്യത്തിൽ ഇക്കാര്യം പരിഗണിക്കുകപോലുമുണ്ടായില്ല. മാത്രമല്ല ശിക്ഷാ കാലയളിൽ റെക്കോർഡ് തവണയാണ് ഷെറിന് ജാമ്യം ലഭിച്ചത്. ചുരുക്കിപ്പറഞ്ഞാൽ ശിക്ഷാകാലയളവിന്റെ പകുതിയിലധികം കാലവും അവർ ജയിലിന് പുറത്തായിരുന്നു. ജയിലിലുള്ള കാലത്താവട്ടെ പ്രത്യേക പരിഗണനയും ഇവർക്ക് ലഭിച്ചിരുന്നു.
ഏതാനും മാസം മുൻപാണ് ഷെറിന്റെ സഹതടവുകാരിയായിരുന്നു തൃശൂർ സ്വദേശി സുനിത ജയിലിലെ ഷെറിന്റെ പരിഗണനയെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞത്. ജയിലിൽ ഷെറിന് എ സി മുറിയായിരുന്നുവെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി വളരെ അടുപ്പമായിരുന്നുവെന്നും ജയിൽ ഭക്ഷണത്തിന് രുചിയില്ലെന്ന് പരാതി പറയുന്ന ഷെറിന് കഴിക്കാൻ പുറത്ത് നിന്ന് ജീവനക്കാർ ഭക്ഷണം എത്തിക്കാറുണ്ടായിരുന്നുവെന്നും പല ദിവസങ്ങളിലും രാത്രിയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി ഷെറിൻ പുറത്തുപോയിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
മാത്രമല്ല മറ്റ് തടവുകാരികൾ ജയിൽ വസ്ത്രം ധരിക്കുമ്പോൾ ഒരിക്കലും ഷെറിന് ഈ വസ്ത്രം ധരിക്കേണ്ടി വന്നില്ല. വൃത്തിയില്ലെന്ന് പറഞ്ഞ് അവ ഒഴിവാക്കി പകരം വീട്ടിൽ നിന്ന് ഇസ്തിരിയിട്ടുകൊണ്ടുവരുന്ന ചുരിദാറായിരുന്നു വേഷം. കൃത്യമായ ബ്യൂട്ടി പാർലറിൽ പോവാൻ അവസരം ഒരുക്കിക്കെടുത്തു. എല്ലാ ദിവസവും മേക്കിപ്പിന് അവസരം ചെയ്തു നൽകി. ..കേരളം ഞെട്ടിയ ഒരു കൊലക്കേസ് പ്രതിയ്ക്കാണ് സർക്കാർ സംവിധാനങ്ങൾ ഇത്തരത്തിൽ ഒത്താശ ചെയ്തത്..
സംസ്ഥാനത്തെ ഭരണകക്ഷിയിലുള്ള പ്രമുഖ നേതാക്കളിലൊരാളാണ് ഷെറിനെ കാത്ത് സംരക്ഷിച്ചിരുന്നത് എന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവരുടെ കാര്യങ്ങളിൽ ഇടപെടാൻ പരിമിതിയുമുണ്ടായിരുന്നു.
2009 നവംബറിലാണ് ഭർത്താവിന്റെ അച്ഛൻ ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്. കാരണവരുടെ ഇളയ മകമായ ബിനുവിന്റെ ഭാര്യയായിരുന്നു ഷെറിൻ. ഇരുവരും തമ്മിൽ അത്ര സുഖത്തിലായിരുന്നില്ലെന്നും ഇതിനെ തുടർന്നുള്ള അസ്വാരസ്യങ്ങളെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയാണ് കാരണവരെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിയത്. പൊലീസ് അന്വേഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമായതും അത് പ്രതി സമ്മതിക്കുകയും ചെയ്തതാണ്.
ആ കാലം മുതലേ ഷെറിന് ഉന്നത ബന്ധമുണ്ടായിരുന്നു. ആ ബന്ധം പക്ഷേ അറസ്ററിനേയും ജയിൽവാസത്തേയും തടയാൻ പര്യാപ്തമായില്ല. പകരം അവിടെ എല്ലാ സൌകര്യങ്ങളും ഏർപ്പെടുത്തി നൽകി. പതിനെട്ട് വർഷവും എട്ടുമാസവുമായിരുന്ന തടവ് ശിക്ഷ പതിനാല് വർഷവും നാല് മാസവും ആയപ്പോഴേക്ക് മോചന നടപടികളിലേക്ക് കടന്നു. പതിനാല് വർഷത്തിനിടെ രണ്ട് വർഷത്തോളം ഇവർ പൂർണമായും പുറത്തായിരുന്നു. ഇരുപത് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ചവരും പ്രായക്കൂടുതലുള്ളവരുമായി നിരവധി തടവുകാർ മോചനത്തിനായി കാത്തിരിക്കുമ്പോഴാണ് അനർഹയായ ഷെറിൻ പട്ടികയിൽ ഇടം പിടിക്കുന്നത്. കണ്ണൂർ ജില്ലാ ജയിൽ ഉപദേശക സമിതിയുടെ നിർദേശത്തിന് ഇക്കഴിഞ്ഞ ജനുവരി 28 ന് ചേർന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. ഇതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നൽകുകയും ചെയ്തു.
2001 ലായിരുന്നു ഷെറിന്റെയും ബിനു ഭാസ്കര കാരണവുരേടും വിവാഹം. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കാരണവർ കുടുംബത്തിലെ ശാരീരിക വെല്ലുവിളിയുള്ള ബിനു ഷെറിൻ വിവാഹം ചെയ്തത് സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചാണ്. എന്നാൽ ഇരുവരും തമ്മിൽ ഒത്തുപോയില്ല മാത്രമല്ല ഷെറിന്റെ ചില ബന്ധങ്ങളെ ചൊല്ലി വീട്ടിൽ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു.
സമൂഹ മാധ്യമത്തിലൂടെയുള്ള സുഹൃത്തായ ബാസിത് അലിയും അയാളുടെ സുഹൃത്തുക്കളായ ഷാനു റഷീദും നഥിനും ചേർന്നാണ് കൊലപാതകം നടത്തിയത്. കുടുംബസ്വത്തിൽ ഷെറിന് പങ്കില്ലെന്ന് എഴുതിയതോടെയാണ് കാരണവരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. മാവേലിക്കര അതിവേഗ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. തുടർന്ന് ആദ്യം പൂജപ്പുരയിലും പിന്നീട് നെയ്യാറ്റിൻ കര വനിതാ ജയിലിലേക്കും ഷെറിനെ മാറ്റി. മൊബൈൽ ഫോൺ ഉപയോഗിച്ചത് പിടികൂടിയതോടെ വിയ്യൂരിലേക്ക് മാറ്റി. ഇവിടെ വെച്ച് ഇവർക്ക് കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. മാത്രമല്ല ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടും ഉണ്ട്.
ശിക്ഷാകാലയളിൽ ഇത്രയൊക്കെ ആരോപണങ്ങൾ നേരിട്ടയാളെയാണ് ജയിലിലെ നല്ലനടപ്പിന്റെ പേരിൽ നിരവധി അർഹരെ തഴഞ്ഞ് പരിഗണിച്ചത്