ജഗ്ദീപ് ധൻഖറിന്റെ രാജി: ഉപരാഷ്ട്രപതി ഇടക്കാലത്ത് പടിയിറങ്ങുമ്പോൾ ഇനിയെന്ത്? തിരഞ്ഞെടുപ്പുണ്ടാകുമോ?

ഡൽഹി: 2022 ഓഗസ്റ്റ് 11 മുതൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുന്ന 74 കാരനായ ജഗ്ദീപ് ധൻഖാറിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. രാജ്യസഭാ അധ്യക്ഷൻ കൂടിയായി ഉപരാഷ്ട്രപതി വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ചെയറിലുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം. ആരോഗ്യപരമായ കാരണങ്ങളാൽ രാജി വയ്ക്കുന്നു എന്നാണ് അദ്ദേഹം അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവച്ചതോടെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയിൽ അപൂർവമായ ഒരു ഇടക്കാല ഒഴിവ് സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് അദ്ദേഹം. വി.വി. ഗിരി, ആർ. വെങ്കിട്ടരാമൻ എന്നിവർ മുൻപ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ചിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണത്താൽ രാജി വെച്ച ആദ്യത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആണ്.

പുതിയ ഉപരാഷ്ട്രപതി സ്ഥാനം ഏൽക്കുന്നത് വരെ ആരാണ് പകരക്കാരൻ? തിരഞ്ഞെടുപ്പ് എപ്പോൾ നടക്കും? ഈക്കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം.

ആരാണ് പകരക്കാരൻ

ഭരണഘടനയിൽ ആക്ടിംഗ് വൈസ് പ്രസിഡന്റിനെ വ്യവസ്ഥ ചെയ്യുന്നില്ല. എന്നിരുന്നാലും, ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്സ്-ഒഫീഷ്യോ ചെയർമാൻ കൂടിയായതിനാൽ, അദ്ദേഹത്തിന്റെ അഭാവത്തിൽ ഡെപ്യൂട്ടി ചെയർമാൻ – നിലവിൽ ഹരിവംശ് നാരായൺ സിംഗ് – സഭയുടെ അധ്യക്ഷനാകും.

എന്നാണ് തിരഞ്ഞെടുപ്പ്

രാഷ്ട്രപതിയുടെ കാര്യത്തിൽ, ഭരണഘടന പ്രകാരം ആറ് മാസത്തിനുള്ളിൽ ഒഴിവ് നികത്തേണ്ടതുണ്ട്. എന്നാൽ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അത്തരമൊരു നിശ്ചിത സമയപരിധിയില്ല. ആ സ്ഥാനം ഒഴിഞ്ഞുകഴിഞ്ഞാൽ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഏക നിബന്ധന. തിരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ പ്രഖ്യാപിക്കും.

1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നിയമപ്രകാരമാണ് വോട്ടെടുപ്പ് നടത്തുന്നത്. കൺവെൻഷൻ അനുസരിച്ച്, പാർലമെന്റിന്റെ രണ്ട് സഭകളിലെയും സെക്രട്ടറി ജനറലുകളെ റിട്ടേണിംഗ് ഓഫീസറായി നിയമിക്കുന്നു.തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി അധികാരമേറ്റ തീയതി മുതൽ ധൻഖറിന്റെ ശേഷിക്കുന്ന കാലാവധി മാത്രമല്ല – അഞ്ച് വർഷത്തെ മുഴുവൻ കാലാവധിയും ചുമതല വഹിക്കേണ്ടതാണ്.

പാർലമെന്റിന്റെ ഇരുസഭകളിലെയും – ലോക്‌സഭയിലെയും രാജ്യസഭയിലെയും – അംഗങ്ങൾ ഉൾപ്പെടെ – ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, സംസ്ഥാന നിയമസഭകൾ പങ്കെടുക്കില്ല എന്ന പ്രത്യേകതയുമുണ്ട്.

വോട്ടെടുപ്പ് രീതി

ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്, ഒറ്റ കൈമാറ്റം ചെയ്യാവുന്ന വോട്ടോടുകൂടിയ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം ഉപയോഗിക്കുന്നു. ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണനാക്രമത്തിൽ റാങ്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തുന്നത്. എല്ലാ വോട്ടുകൾക്കും തുല്യ മൂല്യമുണ്ട്.

തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കണമെങ്കിൽ, ഒരു സ്ഥാനാർത്ഥിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ വോട്ടുകളുടെ എണ്ണം (ക്വാട്ട ) നേടിയിരിക്കണം. സാധുവായ വോട്ടുകളുടെ ആകെ എണ്ണം രണ്ടായി ഹരിച്ച് ഒന്ന് ചേർത്താണ് ഇത് കണക്കാക്കുന്നത് (ഭിന്നസംഖ്യകൾ ഉണ്ടെങ്കിൽ അവ അവഗണിക്കപ്പെടും). ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർത്ഥിയും ക്വാട്ട മറികടക്കുന്നില്ലെങ്കിൽ, ഏറ്റവും കുറഞ്ഞ ഒന്നാം മുൻഗണന വോട്ടുകൾ ഉള്ള സ്ഥാനാർത്ഥിയെ ഒഴിവാക്കുകയും രണ്ടാമത്തെ മുൻഗണനകളുടെ അടിസ്ഥാനത്തിൽ അവരുടെ വോട്ടുകൾ ശേഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് കൈമാറുകയും ചെയ്യും. ഒരു സ്ഥാനാർത്ഥി ക്വാട്ട കടക്കുന്നതുവരെ പ്രക്രിയ തുടരുന്നു.

സ്ഥാനാർത്ഥിയുടെ യോഗ്യതകൾ

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥി ഇന്ത്യൻ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുള്ള ആളായിരിക്കണം, ഏതെങ്കിലും പാർലമെന്ററി മണ്ഡലത്തിൽ വോട്ടറായി രജിസ്റ്റർ ചെയ്തിരിക്കണം. പ്രസിഡന്റ്, ഗവർണർ, മന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ ഒഴികെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ ലാഭകരമായ ഒരു പദവിയും അവർ വഹിക്കാൻ പാടില്ല എന്നും നിയമമുണ്ട്.

അതേസമയം ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധൻഖർ പെട്ടെന്ന് രാജിവച്ചതിന് പിന്നിൽ ആരോഗ്യവുമായി ബന്ധപ്പെട്ട വിശദീകരണത്തേക്കാൾ വളരെ ആഴത്തിലുള്ള കാരണങ്ങളുണ്ട് എന്നാണ് കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് ജനറൽ സെക്രട്ടറിയും, കമ്മ്യൂണിക്കേഷൻസിന്റെ ചുമതലയുമുള്ള ജയറാം രമേശ് ചില കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പാർലമെന്റ് മൺസൂൺ സമ്മേളനം നടന്ന അന്ന് ഉച്ചയ്ക്ക് 12:30 ന് രാജ്യസഭയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റി (ബിഎസി) യോഗത്തിൽ ധൻഖർ അധ്യക്ഷത വഹിച്ചിരുന്നു. സഭാനേതാവ് ജെ പി നദ്ദ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവരുൾപ്പെടെ നിരവധി അംഗങ്ങൾ പങ്കെടുത്തു.

ചർച്ചകൾക്ക് ശേഷം, വൈകുന്നേരം 4:30 ന് വീണ്ടും യോഗം ചേരാൻ ബിഎസി തീരുമാനിച്ചു. ധൻഖറിന്റെ അധ്യക്ഷതയിൽ കമ്മിറ്റി വീണ്ടും യോഗം ചേർന്നപ്പോൾ നദ്ദയും റിജിജുവും ഹാജരായിരുന്നില്ല.നദ്ദയും റിജിജുവും ഹാജരാകില്ല എന്നത് ധൻഖറിനെ വ്യക്തിപരമായി അറിയിച്ചിരുന്നില്ലെന്നും അവഗണിക്കപ്പെട്ടതിൽ താൻ അമർഷം രേഖപ്പെടുത്തിയെന്നും ജയറാം രമേശ് അവകാശപ്പെട്ടു.

ഉച്ചയ്ക്ക് 1 മണിക്കും 4:30 നും ഇടയിൽ ‘വളരെ ഗുരുതരമായ എന്തോ ഒന്ന്’ സംഭവിച്ചിട്ടുണ്ടാകണം. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യപരമായ ആശങ്കകൾ മാനിക്കപ്പെടേണ്ടതുണ്ടെങ്കിലും, രാജി നീക്കത്തിന് പിന്നിൽ ആഴത്തിലുള്ള രാഷ്ട്രീയ കാരണങ്ങളുണ്ടാകാമെന്നും ജയറാം രമേശ് ഊന്നിപ്പറഞ്ഞു.ധൻഖർ ചൊവ്വാഴ്ച മറ്റൊരു ബിഎസി യോഗം നിശ്ചയിച്ചിട്ടുണ്ടെന്നും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തുമെന്നും പ്രതീക്ഷിച്ചിരുന്നതായും രമേശ് വെളിപ്പെടുത്തി.

2022 ഓഗസ്റ്റിൽ വൈസ് പ്രസിഡന്റായി 74 കാരനായ ജഗ്ദീപ് ധൻഖർ സ്ഥാനമേറ്റു, അദ്ദേഹത്തിന്റെ കാലാവധി 2027 വരെയായിരുന്നു. ഉപരാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹം രാജ്യസഭാ ചെയർമാനായും സേവനമനുഷ്ഠിച്ചു. അടുത്തിടെ ഡൽഹിയിലെ എയിംസിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു അദ്ദേഹം. ഭരണകാലത്ത്, പ്രതിപക്ഷ പാർട്ടികളുമായി ധൻഖറിന് നിരവധി ഏറ്റുമുട്ടലുകൾ നേരിടേണ്ടി വന്നു, അതിലൊന്ന് അഭൂതപൂർവമായ ഇംപീച്ച്‌മെന്റ് പ്രമേയമായി വളർന്നു. സ്വതന്ത്ര ഇന്ത്യയിൽ ഒരു ഉപരാഷ്ട്രപതിക്കെതിരായ ആദ്യത്തെ ശ്രമമായിരുന്നു അത്. എന്നിരുന്നാലും, പിന്നീട് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് ഈ പ്രമേയം നിരസിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *