ഈ വർഷം തകർന്നുവീഴുന്ന രണ്ടാമത്തെ ചൈനീസ് നിർമിത എഫ്-7 വിമാനമാണിത്. കഴിഞ്ഞ മാസം, മ്യാൻമർ വ്യോമസേനയുടെ എഫ്-7 യുദ്ധവിമാനം സാഗൈംഗ് മേഖലയിൽ തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു
ന്യൂഡൽഹി: ബംഗ്ലാദേശ് ധാക്കയിലെ സ്കൂൾ കെട്ടിടത്തിലേക്ക് വ്യോമസേനയുടെ പരിശീലന വിമാനം ഇടിച്ചുകയറി. അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. 171 പേർക്കു പരിക്കേറ്റിട്ടുണ്ട്. 48 പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരിലേറെയും എട്ടിനും പതിനാലിനുമിടയിൽ പ്രായമുള്ള കുട്ടികളാണ്. ഇന്നലെയാണു സംഭവം. അപകടത്തിൽ പൈലറ്റും മരിച്ചതായി ബംഗ്ലാദേശ് സൈനികവക്താവ് പ്രസ്താവനയിൽ അറിയിച്ചു. ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് ക്യാമ്പസിൽ ആണ് തകർന്നു വീണത്. ബംഗ്ലാദേശ് ആർമി ഫയർ സർവീസ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി തീയണച്ചു. തകർന്ന വിമാനം വ്യോമസേനയുടേതാണെന്നു ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ചൈനയിൽ നിർമിച്ച എഫ്-7 ജെറ്റ് ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ-കോളജ് കെട്ടിടത്തിലേക്ക് പരിശീലനപ്പറക്കലിനിടെ ഇടിച്ചുകയറുകയായിരുന്നു. അധ്യയനം നടക്കുന്പോഴാണ് അപകടം. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്നു കറുത്തപുകയും തീയും ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. പൊള്ളലും മുറിവുമേറ്റ വിദ്യാർഥികൾ ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
മുപ്പതിലേറെപ്പേരെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ അന്വേഷണം നടത്തുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു.
തുടർച്ചയായി അപകടത്തിൽപ്പെടുന്ന ചൈനീസ് നിർമിത എഫ്-7 വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് വിദഗ്ധർ ആശങ്കയറിച്ചു. ചൈന നിർമിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. ഈ വർഷം തകർന്നുവീഴുന്ന രണ്ടാമത്തെ ചൈനീസ് നിർമിത എഫ്-7 വിമാനമാണിത്. കഴിഞ്ഞ മാസം, മ്യാൻമർ വ്യോമസേനയുടെ എഫ്-7 യുദ്ധവിമാനം സാഗൈംഗ് മേഖലയിൽ തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.









