മലമേലേ തിരിവച്ച്
പെരിയാറിന്‍ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഇടുക്കിയെക്കുറിച്ചുള്ള പാട്ടിന്റെ വരികളാണിത്. അതെ, കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കി..! പ്രകൃതി കനിഞ്ഞരുഗ്രഹിച്ച നാട്. അനുഭവിച്ചാലും അനുഭവിച്ചാലും മതിയാകാത്ത കാലാവസ്ഥ! വിദേശ-ആഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കിയിലെ മിക്കയിടങ്ങളും. മൂന്നാര്‍, തേക്കടി, രാമക്കല്‍മേട്, മുനിയറ, അഞ്ചുരുളി, അയ്യപ്പന്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്. എന്നാല്‍, സഞ്ചാരികളെത്താത്ത സ്ഥലങ്ങള്‍ ഇനിയുമുണ്ട് ഇടുക്കിയില്‍.
ഐതിഹ്യങ്ങളും മഹാശിലായുഗത്തിന്റെ അവശേഷിപ്പുകളുമുള്ള പ്രദേശം. ശാന്തന്‍പാറയ്ക്കു സമീപമുള്ള അക്കാ തങ്കച്ചിപ്പാറ. വിനോദസഞ്ചാരമേഖലയില്‍ വന്‍ സാധ്യതകളുള്ള പ്രദേശമാണിത്. അക്കാ തങ്കച്ചിപ്പാറയെക്കുറിച്ച് അറിയുന്നവര്‍ മാത്രമാണ് ഇപ്പോളെത്തുന്നത്. പ്രദേശത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ വെളിച്ചത്തുകൊണ്ടുവന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും. അത്രയ്ക്കു മനോഹരമായ പ്രദേശമാണ് അക്കാ തങ്കച്ചിപ്പാറ. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗ്രാമം.
മഹാശിലായുഗത്തിന്റെ നിരവധി അവശേഷിപ്പുകള്‍ ഇവിടെ കാണാം. മഹാശിലായുഗത്തിന്റെ അവശേഷിപ്പാണ് അക്കാ തങ്കച്ചിപ്പാറ. ആ കല്ലുപാളികളെ ചുറ്റിപ്പറ്റി ചില ഐതിഹ്യങ്ങളുമുണ്ട്. അക്കാ തങ്കച്ചിപ്പാറയ്ക്കു സമീപമായി ഉയരം കുറഞ്ഞ കല്ലുകളും മുനിയറകളുടെ ഭാഗങ്ങളുമുണ്ട്. കത്തുന്ന വെയിലിലും വീശിയടിക്കുന്ന കാറ്റ് ഇവിടത്തെ പ്രത്യേകതയാണ്. മലനിരകളില്‍ മഞ്ഞുമൂടുന്നത് അതിമനോഹരമായ കാഴ്ചയാണ്. മലനിരകളില്‍ നിന്നാല്‍ ആനയിറങ്കല്‍ ജലാശയവും കാണാം. വൈകുന്നേരങ്ങളിലെ കാഴ്ചകള്‍ ഒരിക്കലും മറക്കില്ല ആരും!
ശാന്തന്‍പാറ തോണ്ടിമലയ്ക്കു സമീപമാണ് അക്കാ തങ്കച്ചിപ്പാറ. തമിഴ്നാട് അതിര്‍ത്തി ഗ്രാമമാണ് ശാന്തന്‍പാറ. കൊച്ചി-ധനുഷ്‌കോടി നാഷണല്‍ ഹൈവേയില്‍ ബോഡിമെട്ട്-പൂപ്പാറ വഴിയില്‍ തോണ്ടിമലയില്‍നിന്ന് മല കയറി അക്കാ തങ്കച്ചിപ്പാറയിലെത്താം.